ലോസ് ഏഞ്ചൽസ്: ന്യൂഇയർ ദിനം മുതൽ അമേരിക്കയെ വിടാതെ പിന്തുടരുകയാണ് ദുരന്തങ്ങൾ. ധനികനെന്നെ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഏവരും കിടപ്പാടം ഉപേക്ഷിച്ച് ഓടുന്ന കാഴ്ചയാണ് ലോസ് ഏഞ്ചൽസിൽ (LA) നിന്ന് വരുന്നത്. ജീവഭയത്താൽ 30,000 പേരാണ് ഇതിനോടകം വീടുവിട്ട് ഓടിപ്പോയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ചിലർ തങ്ങളുടെ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മറ്റുചിലർ നഗ്നപാദങ്ങളാൽ ജീവനും കൊണ്ടോടുന്നതായിരുന്നു കാഴ്ച. ഹോളിവുഡ് സെലിബ്രിറ്റികളടക്കം ഇതിൽ ഉൾപ്പെടുന്നു.
കാട്ടുതീയെ തുടർന്ന് പസിഫിക് പാലിസേഡ്സിലെ 1,200 ഹെക്ടർ ഭൂമിയാണ് കത്തിയെരിഞ്ഞത്. നിരവധി കെട്ടിടങ്ങളും നശിച്ചു. സാന്റാമോണിക്ക, മാലിബു എന്നീ ബീച്ച് ടൗണുകൾക്കിടയിലാണ് പസിഫിക് പാലിസേഡ്സ് സ്ഥിതിചെയ്യുന്നത്. നിരവധി സിനിമാ താരങ്ങളുടെയും പ്രമുഖ ഗായകരുടെയും വസതികൾ ഇവിടെയുണ്ട്. കാട്ടുതീ വ്യാപിച്ചതുമുതൽ തീയണയ്‌ക്കാനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. രണ്ട് പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തോളം വീടുകൾ കത്തിയെരിഞ്ഞെന്നാണ് പ്രാഥമിക വിവരം. ലോസ് ഏഞ്ചൽസിലെ രണ്ട് ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതിയുമില്ല. കാലിഫോർണിയ ഗവർണർ ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ ജീവനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും പ്രിയപ്പെട്ടവരോടൊപ്പം വീടുകളിൽ നിന്ന് വേഗമിറങ്ങാനും ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരിഫ് ഉത്തരവിട്ടു. വീടൊഴിഞ്ഞ് ഇറങ്ങാൻ നിർദേശം ലഭിച്ചതിൽ കമലാ ഹാരിസിന്റെ LAയിലെ വസതിയുമുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്.
Leave a Comment