രാജ്യത്തിന്റെ അഭിമാനമാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ. വേഗത കൊണ്ട് മാത്രമല്ല അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും വന്ദേ ഭാരത് വിസ്മയിപ്പിക്കുകയാണ്. ഈ വിസ്മയം ഇനി സിനിമയിലൂടെയും കാണാം, ഇന്ത്യൻ റെയിൽവേയുടെ മികവുകൾ വാക്കുകൾക്ക് അപ്പുറത്തേക്ക് ലോകമറിയാൻ പോവുകയാണ്. വന്ദേ ഭാരതിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയിരിക്കുകയാണ് വെസ്റ്റേൺ റെയിൽവേ. മുംബൈയിലെ സെൻട്രൽ സ്റ്റേഷനിലായിരുന്നു ചിത്രീകരണം.
വെസ്റ്റേൺ റെയിൽവേയുടെ പ്രധാന റെയിൽവേ ടെർമിനികളിലൊന്നായ മുംബൈ സെൻട്രൽ സ്റ്റേഷന്റെ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു ചിത്രീകരണം. ഇതോടെ വന്ദേ ഭാരത് എക്സ്പ്രസിൽ ചിത്രീകരണം നടത്തുന്ന ആദ്യ സംവിധായകനായി ഷൂജിത് സിർകാർ മാറി.
മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസുകളിലൊന്ന് അറ്റകുറ്റപ്പണികൾക്കായി മാറ്റിയിട്ടിരിക്കുകയാണ്. ഈ ട്രെയിനാണ് വെസ്റ്റേൺ റെയിൽവേ ചിത്രീകരണത്തിനായി നൽകിയത്. ഇതിൽ നിന്ന് ഏകദേശം 23 ലക്ഷം രൂപയാണ് ഇന്ത്യൻ റെയിൽവേയ്‌ക്ക് ലഭിച്ചത്.
സാധാരണഗതിയിൽ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും സ്റ്റേഷന്റെ പരിസരങ്ങളിലുമൊക്കെ ചട്ട പ്രകാരം സിനിമാ ചിത്രീകരണം അനുവദിക്കാറുണ്ട്. എന്നാൽ ആദ്യമായാണ് വന്ദേ ഭാരത് സിനിമാ ചിത്രീകരണത്തിന് നൽകുന്നതെന്ന് വെസ്റ്റേൺ റെയിൽവേ ചീഫ് പിആർഒ വിനീത് അഭിഷേക് പറഞ്ഞു. യാത്രക്കാർക്ക് യാതൊരു വിധത്തിലുള്ള അസൗകര്യവും സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം എടുത്തു പറഞ്ഞു.















