ശബരിമല: അപൂർവ്വ രംഗത്തിന് സാക്ഷ്യം വഹിച്ച് സന്നിധാനം. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുടെ സ്ഥാനക്കയറ്റ ചടങ്ങാണ് ഭക്തിപൂർവ്വം അയ്യപ്പന്റെ സാന്നിധ്യത്തിൽ നടന്നത്. സേനാ ചരിത്രത്തിൽ ആദ്യമായി ബറ്റാലിയന് പുറത്ത് ചടങ്ങ് നടക്കുന്നത്.
കോൺസ്റ്റബിൾമാരായ എറണാകുളം സ്വദേശി അജീഷ്, മഹാരാഷ്‌ട്ര സ്വദേശി നവീൻ കിരൺ എന്നിവർക്കാണ് സന്നിധാനത്തെ സേവനത്തിനിടെ ഹവിൽദാരായി പ്രമോഷൻ ലഭിച്ചത്. തമിഴ്നാട് ആരക്കോണം ക്യാമ്പ് ഡെപ്യൂട്ടി കമാൻഡർ സന്നിധാനത്ത് എത്തി ഇരുവർക്കും ബാഡ്ജ് കൈമാറി.
ഇരുവരും മൂന്നാമത്തെ തവണയാണ് ശബരിമലയിൽ സേവനത്തിനെത്തുന്നത്.
ഇത്തവണ നട തുറന്നത് മുതൽ ഇരുവരും അയ്യപ്പസന്നിധിയിലുണ്ട്. 16 വർഷത്തെ കഠിനാധ്വനത്തിന് ലഭിച്ച അനുഗ്രഹമായാണ് ഇതിനെ കാണുന്നതെന്ന് അജീഷ് ജനം ടിവിയോട് പറഞ്ഞു. കൂടെയുള്ളവർക്ക് ബറ്റാലിയനിൽ വെച്ചാണ് പ്രമോഷൻ കിട്ടിയത്. അയ്യപ്പന്റെ സന്നിധിയിൽ വെച്ച് ലഭിക്കുമ്പോൾ ഒരുപാട് നന്ദിയും സന്തോഷവുണ്ടെന്നും അജീഷ് പറഞ്ഞു.
ഭഗവാന്റെ സന്നിധിയിൽ വച്ച് ഹവാൽദാരായി സ്ഥാനക്കയറ്റം ലഭിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും ചുമതലകൾ കൂടുതൽ നന്നായി ചെയ്ത് സേനയുടെ പേര് ഉയർത്തുമെന്നും നിറഞ്ഞ ചിരിയോടെ നവീനും കൂട്ടിച്ചേർത്തു. സന്നിധാനത്ത് മധുരം വിതരണം ചെയ്താണ് സഹപ്രവർത്തകർ ഇരുവരുടെയും നേട്ടം ആഘോഷിച്ചത്.