മുംബൈ: വിവാഹമോചന വാർത്തകളിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റ ഭാര്യ ധനശ്രീ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന വാർത്തകളും അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ചഹൽ സോഷ്യൽ മീഡിയയിൽ നിന്നും ധനശ്രീയുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്തതും പരസ്പരം അൺഫോളോ ചെയ്തതുമെല്ലാം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.
എന്നാലിപ്പോൾ ഇതിനെതിരെ തന്റെ ഇൻസ്റ്റഗ്രം സ്റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുകയാണ് ധനശ്രീ. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ തനിക്കും കുടുംബത്തിനും അങ്ങേയറ്റം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നുവെന്ന് അവർ പറയുന്നു. വസ്തുത പരിശോധിക്കാതെയുള്ള അടിസ്ഥാനരഹിതമായ വാർത്തകളും തന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന ട്രോളുകളും അസ്വസ്ഥമാക്കുന്നതാണെന്ന് ധനശ്രീ പോസ്റ്റിൽ കുറിച്ചു.
വർഷങ്ങളോളം കഠിനാധ്വാനം ചെയ്താണ് പേരും സത്യസന്ധതയും കെട്ടിപ്പെടുത്തത്. തന്റെ നിശബ്ദത ബലഹീനതയുടെ ലക്ഷണമല്ലെന്നും മറിച്ച് ശക്തിയുടെ അടയാളമാണെന്നും അവർ പറഞ്ഞു. ഓൺലൈനിൽ അസത്യങ്ങൾ പ്രചരിപ്പിക്കാൻ എളുപ്പമാണ്. യഥാർഥ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകും. സത്യം മറ്റെന്തിനേക്കാളും വലുതാണെന്നും അതിനൊരു ന്യായീകരണം ആവശ്യമില്ലെന്നും ധനശ്രീ കുറിച്ചു.
2020 ഡിസംബർ 22-നായിരുന്നു യൂട്യൂബറും ഡാൻസ് കൊറിയോഗ്രാഫറും ദന്തഡോക്ടറുമായ ധനശ്രീയുടെയും ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെയും വിവാഹം.