കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ട് അപൂർവയിനം വലച്ചിറകന്മാരെ കണ്ടെത്തി. ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന ഹരിത വലച്ചിറകിനെ 111 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ കണ്ടെത്തുന്നത്. ‘ഗ്ലീനോനോക്രൈസ സെയിലാനിക്ക’ എന്ന ഹരിത വലച്ചിറകനെ വയനാട് ജില്ലയിലെ മാനന്തവാടി, തിരുനെല്ലി എന്നീ പ്രദേശങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.
‘ഇൻഡോഫെയിൻസ്’ എന്നറിയപ്പെടുന്ന മറ്റൊരു അപൂർവയിനം കുഴിയാന വലച്ചിറകനെ ഇരിങ്ങാലക്കുട, മനക്കൊടി, ചിറ്റൂർ, പുതുനഗരം, കുലുക്കിലിയാട്, ദേവഗിരി, ചാലിയം, കൂത്തുപറമ്പ്, അരൂർ, പൊന്മുടി എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത്. അപൂർയിനം വലച്ചിറകന്മാരെ കണ്ടെത്തിയത് സംബന്ധിച്ച് അന്താരാഷ്‌ട്ര ശാസ്ത്ര മാസികകളായ ജേണൽ ഓഫ് എന്റെമോളജിക്കൽ റിസർച്ച് സൊസൈറ്റി, നാച്ചുറൽ സോമോഗിയൻസിസ് എന്നിവയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്ന് കണ്ടെത്തുന്ന 12-ാമത്തെ ഇനം ഹരിതവരച്ചിറകനും എട്ടാമത്തെ ഇനം കുഴിയാന വരച്ചിറകനും ആണ് ഇവ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഈ നിർണായക കണ്ടെത്തൽ. ഷഡ്പദ എന്റമോളജി റിസർച്ച് ലാബ് ഗവേഷകൻ സൂര്യനാരായണൻ ടി.ബി, എസ്.ഇ.ആർ.എൽ. മേധാവി ഡോ. ബിജോയ് സി. എന്നിവരാണ് ഇവയെ കണ്ടെത്തിയത്.