വേറിട്ട പ്രമോഷൻ പരിപാടിയുമായി ബെസ്റ്റി ടീം. ഷാനു സമദ് സംവിധാനം ചെയ്യുന്ന ബെസ്റ്റി ജനുവരി 24-നാണ് തിയേറ്ററുകളിലെത്തുന്നത്. കോഴിക്കോട് തെരുവോരങ്ങളിൽ നടന്ന ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമോഷൻ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.
മൈക്കുമായി പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവക്കുകയാണ് താരങ്ങളായ ഷഹീൻ സിദ്ദിഖും ശ്രാവണയും. ആരാണ് ബെസ്റ്റി എന്ന ചോദ്യമാണ് താരങ്ങൾ പ്രേക്ഷകരോട് ചോദിക്കുന്നത്. പല ഉത്തരങ്ങളാണ് ആളുകൾ പറയുന്നത്. ബെസ്റ്റി ടീമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അച്ഛനും അമ്മയുമാണ് ബെസ്റ്റിയെന്ന് ചിലരും ജീവിതത്തിൽ നിന്ന് ഒരിക്കലും ഒഴിച്ചികൂടാനാവാത്ത വ്യക്തിയാണ് ബെസ്റ്റിയെന്ന് മറ്റുചിലരും പറഞ്ഞു. ഇതിനിടെ രസകരമായ കമന്റുകൾ പറയുന്നവരുമുണ്ട്. ഉത്തരങ്ങൾ കേട്ട് ചിരിച്ചും കയ്യടിച്ചും താരങ്ങളും അവരോടൊപ്പം കൂടി. നല്ല ഉത്തരങ്ങൾ പറഞ്ഞവർക്ക് സമ്മാനങ്ങളും നൽകിയാണ് താരങ്ങളും അണിയറപ്രവർത്തകരും മടങ്ങിയത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. സുരേഷ് കൃഷ്ണ, സാക്ഷി അഗർവാൾ, സുധീർ കരമന, ജാഫർ ഇടുക്കി, ജോയ് മാത്യു, സോന നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.















