കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല പരാമർശക്കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക. ഹൈക്കോടതിയിൽ ഹർജി നൽകുന്നതും അഭിഭാഷകരുടെ പരിഗണനയിലുണ്ട്. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബിയുള്ളത്.
കഴിഞ്ഞ ദിവസം ബോബിയുടെ ജാമ്യഹർജി പരിഗണിച്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇത് തള്ളുകയും പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നു. ഇവിടെ ജാമ്യാപേക്ഷ തള്ളിയാൽ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബോബിയുടെ അഭിഭാഷകൻ പറഞ്ഞിരുന്നു.
അതേസമയം വിധികേട്ടതിനുപിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ച ബോബിയെ കോടതിമുറിയിൽ വിശ്രമിക്കാൻ അനുവദിച്ചിരുന്നു. തുടർന്ന് പ്രതിയെ എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധനകൾ നടത്തി മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ജില്ലാ ജയിലിലേക്ക് മാറ്റിയത്.