തിരുവനന്തപുരം: മലയാളികളുടെ ജനപ്രിയ ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് ഗായിക കെഎസ് ചിത്ര. വിയോഗ വർത്ത ഏറെ സങ്കടത്തോടെയാണ് അറിഞ്ഞതെന്നും പലതവണ നേരിൽ കാണാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും ചിത്ര പറഞ്ഞു. തന്നെ മരിച്ചുപോയ പെങ്ങളുടെ സ്ഥാനത്താണ് ജയചന്ദ്രൻ കണ്ടിരുന്നതെന്നും അവർ ദുഖത്തോടെ ഓർത്തു.
ഒരു സെലിബ്രിറ്റിക്കൊപ്പമുള്ള തന്റെ ആദ്യത്തെ സ്റ്റേജ് ഷോ അദ്ദേഹത്തിനൊപ്പമായിരുന്നുവെന്ന് ചിത്ര പറഞ്ഞു. വീട്ടിൽ വന്നിരുന്ന സമയങ്ങളിൽ അദ്ദേഹത്തിന് ഭക്ഷണമുണ്ടാക്കികൊടുത്തിട്ടുണ്ട്. പാട്ടുകളെക്കുറിച്ച് ഒരുപാട് നേരം സംസാരിച്ചിരിക്കും. റാഫി സാറും സുശീലാമ്മയുമാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പാട്ടുകാർ. പെങ്ങൾ മരിച്ചുപോയ സമയത്ത് വിളിച്ചിരുന്നു. തന്നെ സ്വന്തം പെങ്ങളുടെ സ്ഥാനത്തതാണ് കാണുന്നതെന്ന് അന്ന് പറഞ്ഞിരുന്നതായും ചിത്ര പറഞ്ഞു.
വയ്യാതിരുന്നു എന്നറിഞ്ഞ സമയത്ത് പലതവണ കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ സന്ദർശകർക്ക് പ്രവേശനമില്ലാതിരുന്നതിനാൽ കാണാൻ സാധിച്ചില്ല. അതൊരു വലിയ ദുഃഖമായി അവശേഷിക്കുന്നുണ്ട്. ജയചന്ദ്രന്റെ വിയോഗം മലയാള സിനിമാലോകത്തിനാകെ വലിയ നഷ്ടമാണെന്നും ചിത്ര പറഞ്ഞു.















