ന്യൂഡൽഹി: പ്രധാനമന്ത്രിയുമായി സംവദിക്കുന്ന 2025 ലെ പരീക്ഷ പേ ചർച്ച (PPC)യുടെ എട്ടാം എഡിഷന് രജിസ്റ്റർ ചെയ്തത് 2.7 കോടി പേർ. രാജ്യത്തും വിദേശത്തുമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരുമടക്കമാണ് ഇത്രയധികം രജിസ്ട്രേഷനുകൾ ലഭിച്ചിരിക്കുന്നത്. പരിപാടിയ്‌ക്ക് വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ പ്രതിഫലിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന പരീക്ഷാ പേ ചർച്ച, പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികളിലെ സമ്മർദം കുറയ്‌ക്കുന്നതിനും പഠനം കൂടുതൽ ആസ്വാദ്യകരമാക്കുവാനും ലക്ഷ്യമിട്ടുള്ളതാണ്. MyGov.in പോർട്ടലിൽ പരീക്ഷ പേ ചർച്ച 2025 ലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ കഴിഞ്ഞ ഡിസംബർ 14 ന് ആരംഭിച്ചു. ജനുവരി 14 ആണ് അവസാന തീയതി.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ, വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടി കഴിഞ്ഞ വർഷങ്ങളിലും നടന്നിരുന്നു. പരീക്ഷാ പേ ചർച്ചയുടെ ഏഴാം എഡിഷൻ കഴിഞ്ഞവർഷം ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തിൽ നടന്നിരുന്നു.
ഇത്തവണ പരിപാടിയുമായി ബന്ധപ്പെട്ട് ദേശീയ യുവജന ദിനമായ ജനുവരി 12 മുതൽ 23 വരെ നിരവധി സ്കൂൾ തല പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ തദ്ദീശീയ ഗെയിം സെഷനുകൾ, മാരത്തൺ, യോഗ-മെഡിറ്റേഷൻ സെഷനുകൾ, പ്രോചോദനാത്മക ചലച്ചിത്രങ്ങളുടെ പ്രദർശനം, പോസ്റ്റർ നിർമ്മാണ മത്സരം, മാനസികാരോഗ്യ ശിൽപശാലകൾ തുടങ്ങിയവയും ഉൾപ്പെടുന്നു.















