ലോസ് ഏഞ്ചൽസ്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാലിഫോർണിയയിൽ പടർന്നുപിടിച്ച കാട്ടുതീ ലോസ് ആഞ്ചൽസിനെ വിഴുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ ഇതിലും കൂടുതലാകുമെന്നാണ് പ്രാഥമിക നിഗമനം. പത്ത് പേർ മരിച്ചതായി ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ചൊവ്വാഴ്ച മുതൽ ആളിപ്പടർന്ന തീ, അണയ്‌ക്കാനുള്ള പരിശ്രമം ഇപ്പോഴും തുടരുകയാണ്. അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയുടെ ദക്ഷിണ മേഖലകൾ പൂർണമായും കത്തിയെരിഞ്ഞു. ഇതോടെയാണ് ലോസ് ഏഞ്ചൽസിനെയും കാട്ടുതീ വിഴുങ്ങിയത്.
തീ ആളിക്കത്തിയതിന്റെ പ്രധാന കാരണം ‘സാന്ത അന’ എന്ന് വിളിക്കുന്ന ശക്തമായ വരണ്ട കാറ്റാണ്. ഇത് പലയിടത്തും മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിലാണ് വീശിയടിക്കുന്നത്. ചുഴലിക്കാറ്റിന് സമാനമായ രീതിയിൽ കാറ്റുവീശുന്നതിനാൽ അണഞ്ഞ തീ പോലും വീണ്ടും ആളിക്കത്തുന്ന സ്ഥിതിയാണ്. ശക്തമായ കാറ്റ് തുടരുന്നതിനാൽ കാട്ടുതീ നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അഗ്നിരക്ഷാ സേന പറയുന്നു.
ലോസ് ഏഞ്ചൽസിൽ അഗ്നിക്കിരയായ വീടുകളിൽ നിരവധി ഹോളിവുഡ് സെലിബ്രിറ്റികളുടെ വസതികളുമുണ്ടെന്നാണ് റിപ്പോർട്ട്. പതിനായിരത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചെന്നാണ് കണക്ക്. ലോസ് ഏഞ്ചൽസിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായത് പ്രശസ്തരുടെ വീടുകൾ സ്ഥിതിചെയ്യുന്ന സമ്പന്ന മേഖലയായ പസഫിക് പാലിസേഡ്‌സ് എന്ന മലയോര പ്രദേശത്തായിരുന്നു. ഇവിടെ മാത്രം 5,300 കെട്ടിടങ്ങൾ തകർന്നു. ലോസ് ഏഞ്ചൽസിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമായാണ് ഇതിനെ വിലയിരുത്തുന്നത്.
Leave a Comment