ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ വിമർശനം കടുപ്പിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഗംഭീർ തന്റെ കുടുംബത്തെ അധിക്ഷേപിച്ചുവെന്നും സൗരവ് ഗാംഗുലിയെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞുവെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലും ഡൽഹി സംസ്ഥാന ടീമിലെയും സഹകളിക്കാരായിരുന്നു ഇരുവരും. ഇന്ത്യയുടെ തുടർച്ചയായ പരമ്പര തോൽവികളിൽ ഗംഭീറിനെതിരെ വിമർശനം ശക്തമാകുമ്പോഴാണ് പുതിയ ആരോപണങ്ങളുമായി തിവാരിയെത്തിയിരിക്കുന്നത്.
“ഡൽഹിയിൽ രഞ്ജി ട്രോഫി മത്സരത്തിനിടെ എന്നോട് വഴക്കിട്ടപ്പോൾ, ഗൗതം ഗംഭീർ പലരെയും വായിൽ തോന്നിയത് വിളിച്ച് പറഞ്ഞു. എന്റെ കുടുംബത്തെ അധിക്ഷേപിച്ചു. ഗാംഗുലിയെക്കുറിച്ച് മോശമായി സംസാരിച്ചു. പക്ഷെ അയാളെ സംരക്ഷിച്ചു നിർത്തുന്ന ചില വ്യക്തികളുണ്ട്. അവരെയാണ് ഞാൻ PR എന്നുപറഞ്ഞെത്,” ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തിവാരി പറഞ്ഞു.
ഗംഭീർ കാപട്യക്കാരനാണെന്നും പറയുന്നതല്ല ചെയ്യുന്നതെന്നുമുള്ള തിവാരിയുടെ വിമർശനങ്ങൾ വിവാദമായതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകൾ. ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച നിതീഷ് റാണയുൾപ്പെടെയുള്ള താരങ്ങളെയും തിവാരി വിമർശിച്ചു.
“ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ആരെങ്കിലും വസ്തുതകൾ പറയുമ്പോൾ പ്രതിരോധിക്കാൻ ആളുകൾ വരുന്നു. പക്ഷെ അവർക്ക് എന്നെ അറിയില്ല. ഞാൻ വസ്തുതകളെകുറിച്ചാണ് സംസാരിക്കുന്നത്,” മനോജ് തിവാരി പറഞ്ഞു. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഗംഭീറിന്റെ തീരുമാനങ്ങളെയും താരം ചോദ്യം ചെയ്തു. മികച്ച പ്രകടനം കാഴ്ചവച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങളെ മാറ്റി നിർത്തി ദേവദത്ത് പടിക്കലിനെയും ഹർഷിത് റാണയെയും ടീമിൽ ഉൾപ്പെടുത്തിയത് ഗംഭീറിന്റെ താൽപര്യയിരുന്നുവെന്നും തിവാരി പറഞ്ഞു.