കൊച്ചി: സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ട് മാനദണ്ഡങ്ങൾ കണക്കാക്കാതെ വിനിയോഗിക്കാമെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി അംഗീകരിച്ച പശ്ചാത്തലത്തിലാണിത്. ഈ സാഹചര്യത്തിൽ വിദേശത്ത് നിന്നുൾപ്പടെ ഫണ്ട് സ്വീകരിക്കാൻ ഇനി സംസ്ഥാന സർക്കാരിന് കഴിയുമല്ലോയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (SDRF) നിന്ന് 120 കോടി രൂപ കൂടി ചെലവഴിക്കാൻ അനുമതി നൽകിയെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കേരളത്തിന് വിവിധതരം ധനസഹായത്തിന് അർഹത ലഭിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
മാനദണ്ഡങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തിയതിനാൽ പുനരധിവാസ പ്രവർത്തനങ്ങൾക്ക് SDRF തുക അടിയന്തരമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിന് കഴിയും. SDRF തുക ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചട്ടങ്ങളാണ് നിലവിലുള്ളത്. ദുരന്തം സംഭവിച്ചതിന് ശേഷം അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ SDRF തുക ഉപയോഗിക്കാവൂ എന്നാണ് ചട്ടം. എന്നാൽ ഈ നിയന്ത്രണത്തിനാണ് കേന്ദ്രസർക്കാർ ഇളവ് വരുത്തിയത്. ഇതുപ്രകാരം ദുരന്ത നിവാരണ ഫണ്ടിലെ തുക പുനരധിവാസത്തിനുൾപ്പടെ ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിനാകും. മാത്രവുമല്ല അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കൂടുതൽ ധനസഹായം സംസ്ഥാനത്തിന് ലഭിക്കുകയും ചെയ്യും.















