കൊച്ചി: ജയിൽ ജീവിതം എങ്ങനെയാണെന്ന് നേരിട്ട് അനുഭവിച്ചറിയാനുള്ള ആഗ്രഹം വർഷങ്ങൾക്ക് മുൻപ് കാശുകൊടുത്ത് നിറവേറ്റിയ ബോബി ചെമ്മണ്ണൂരാണ് ഇപ്പോൾ കേസിൽ പ്രതിയായി ജയിലിൽ കിടക്കുന്നത്. നടി ഹണി റോസിനെതിരായ അശ്ലീല പരാമർശക്കേസിൽ കോടതി റിമാൻഡ് ചെയ്ത ബോബി നിലവിൽ കാക്കനാട്ടെ ജില്ലാ ജയിലിലാണുള്ളത്.
പതിനഞ്ച് വർഷം മുൻപാണ് ജയിൽ ജീവിതം അനുഭവിച്ചറിയാനുള്ള ആഗ്രഹവുമായി ബോബി ചെമ്മണ്ണൂർ കേരള പൊലീസിനെ സമീപിച്ചത്. എന്നാൽ കുറ്റം ചെയ്യാത്തവർക്ക് ജയിലിൽ കിടക്കാനാകില്ലെന്നു പറഞ്ഞ പൊലീസ് ബോബിയെ നിരാശനാക്കി മടക്കി അയച്ചു. എന്നാൽ തെലങ്കാനയിൽ ജയിൽ ടൂറിസത്തിന്റെ ഭാഗമായി നടത്തിയ ‘ഫീൽ ദ ജയിൽ’ പദ്ധതിയിലൂടെ ബോബി തന്റെ ആഗ്രഹം സാധിച്ചെടുത്തു. 500 രൂപ ഫീസ് നൽകി ഒരു ദിവസം മുഴുവൻ ജയിലിൽ കഴിഞ്ഞു. തടവുപുള്ളിയുടെ വേഷം ധരിച്ചും അവരുടെ ഭക്ഷണം കഴിച്ചും ജയിലിലെ ജോലികൾ ചെയ്തുമാണ് ബോബി സമയം ചെലവഴിച്ചത്.
എന്നാൽ വർഷങ്ങൾക്കിപ്പുറം നടിയുടെ പരാതിയിൽ അശ്ലീല പരാമർശക്കേസിലെ യാഥാർത്ഥ പ്രതിയായാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ പോയത്. ഇത്തവണ പതിനഞ്ച് വർഷം മുൻപത്തെ ആവേശം ഒട്ടുമുണ്ടായിരുന്നില്ല. ജാമ്യം നിഷേധിച്ച കോടതിവിധി കേട്ട് ബോബിക്ക് ദേഹാസ്വാസ്ഥ്യവുമുണ്ടയി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കുറ്റബോധമില്ലെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ച ബോബി ജയിലിൽ നിന്നും പുറത്തിറങ്ങാൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.