തിരുവനന്തപുരം: യുജിസി ഭേദഗതി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നാടിന് നിരക്കാത്ത രീതിയിലാണ് മുൻ ഗവർണർ പ്രവർത്തിച്ചിരുന്നതെന്നും ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
യുജിസി ഒരു കരട് നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. സർവകലാശാലയുടെ തലപ്പത്ത് ആർക്കും വന്നിരിക്കാമെന്നാണ് അതിൽ പറയുന്നത്. ഏത് ഫാക്ടറി ഉടമയ്‌ക്കും അവിടെ വന്നിരിക്കാമെന്നാണ് ഭേദഗതി. സർവകലാശാലകളുടെ തലപ്പത്ത് അക്കാദമിക് നിലവാരമുള്ളവരാണ് വരേണ്ടതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
എന്നാൽ ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതല ഗവർണർക്കാണെന്നും അക്കാര്യത്തിൽ രണ്ടഭിപ്രായമില്ലെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പ്രതികരിച്ചു. കേരളത്തിന്റെ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന്റെ ചുമതല ഭംഗിയായി നിർവഹിച്ചുവെന്നും അർലേക്കർ പറഞ്ഞു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ചുമതല ഗവർണർക്കാണ്. ഇതിൽ ഭിന്നാഭിപ്രായത്തിന്റെ ആവശ്യമില്ല. കോടതി ഇത് വ്യക്തമാക്കിയതാണ്. സർക്കാരുമായി ഒന്നിച്ച് ഇക്കാര്യത്തിൽ പ്രവർത്തിക്കും. മുൻ ഗവർണർ അദ്ദേഹത്തിന്റെ ചുമതല ഭംഗിയാക്കിയെന്നും, കേരളത്തിലെ സർക്കാരും ജനങ്ങളും മികച്ചതാണെന്നുമായിരുന്നു അർലേക്കറുടെ വാക്കുകൾ. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.















