ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ എഞ്ചിൻ ലോകത്തിൽ ഏറ്റവും കൂടുതൽ കരുത്തോടെ പ്രവർത്തിക്കുന്ന എഞ്ചിനാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തദ്ദേശീയ മികവിൽ കുതിക്കുന്ന ഭാരതത്തിന്റെ മറ്റൊരു വലിയ നേട്ടമാണ് ഹൈഡ്രജൻ ട്രെയിൻ.
1200 കുതിരശക്തിയാണ് ഹൈന്ദ്രജൻ ട്രെയിൻ എഞ്ചിനുള്ളത്. ഭാരതത്തെ കൂടാതെ നാലേ നാല് രാജ്യങ്ങൾക്ക് മാത്രമാണ് ഇത്തരത്തിലുള്ള ട്രെയിൻ എഞ്ചിൻ നിർമിച്ചിട്ടുള്ളത്. എന്നാൽ 500 മുതൽ 600 കുതിരശക്തിയിലാണ് അവ പ്രവർത്തിക്കുന്നത്. അതിന് ഇരട്ടി കുതിരശക്തിയിൽ പ്രവർത്തിക്കാൻ ഇന്ത്യയുടെ ട്രെയിൻ എഞ്ചിന് സാധിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഹരിയാനയിൽ ജിന്ദ്- സോനിപത് റൂട്ടിൽ ട്രെയിൻ ഉടൻ ട്രയൽ റൺ നടത്തും.
എഞ്ചിൻ നിർമ്മാണം പൂർത്തിയായെങ്കിലും അതിന്റെ സിസ്റ്റം ഏകീകരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയമായി വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾ മറ്റ് സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്തുന്നതിന് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാങ്കേതിക മുന്നേറ്റം രാജ്യത്തിന് ആത്മവിശ്വാസം പകരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി ഭാരത് ദിവസിനോട് അനുബന്ധിച്ച് നടത്തിയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.