ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിനത്തിൽ സാംസ്കാരിക മന്ത്രാലയം ‘ക്രിയാത്മകമായ സമ്പദ് ഘടന’ പ്രമേയമാക്കിയാകും നിശ്ചലദൃശ്യം അവതരിപ്പിക്കുക. പ്രധാനമന്ത്രിയുടെ ദർശനമായ ‘പൈതൃകത്തിലൂന്നിയ വികസനം’ എന്ന ആശയത്തോട് നീതി പുലർത്തുന്നതാകും നിശ്ചലദൃശ്യം. ഇന്ത്യയുടെ പരമ്പരാഗത കലകൾ, സിനിമ, കരകൗശലവസ്തുക്കൾ തുടങ്ങിയവ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് ഊർജ്ജം പകരുന്നത് എങ്ങനെയെന്ന് ടാബ്ലോയിലൂടെ വ്യക്തമാകും.
ദേശീയതയിൽ വേരൂന്നിയ ആശയങ്ങളാകും അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ സാംസ്കാരിക അടയാളങ്ങളായി മാത്രം കണക്കാക്കുന്ന കലയും കരകൗശലവും ഇന്ത്യയുടെ ജിഡിപിക്ക് നൽകുന്നത് വലിയ സംഭവാനകളാണ്. ഇവയാകും പ്രദർശിപ്പിക്കുകയെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
പാരമ്പര്യത്തെ നൂതന രീതിയുമായി സമന്വയിപ്പിക്കുകയാണിവിടെ. സാംസ്കാരിക ബിംബങ്ങൾക്കും ലോക സമ്പദ് വ്യവസ്ഥയിലേക്ക് കാര്യമായ സംഭാവന നൽകാൻ കഴിയുമെന്ന തിരിച്ചറിവ് നൽകുകയാണ് ലക്ഷ്യമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ആഗോള സ്വാധീനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പാരമ്പര്യവും സർഗാത്മകതയും സംയോജിപ്പിച്ച് മാതൃകയാവുകയാണ് ഇന്ത്യ. ഇന്ദിരാ ഗാന്ധി നാഷണൽ സെൻ്റർ ഫോർ ആർട്സ് (IGNCA) ആണ് കഴിഞ്ഞ വർഷം സാംസ്കാരിക മന്ത്രാലയത്തിനായി ടാബ്ലോ തയ്യാറാക്കിയത്. ഈ ടാബ്ലോയ്‌ക്ക് ഒന്നാം സമ്മാനവും കരസ്ഥമാക്കിയിരുന്നു. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു സാംസ്കാരിക മന്ത്രാലയത്തിന്റെ നിശ്ചലദൃശ്യം.