പത്തനംതിട്ട: പഞ്ചായത്തിലെ ഹെഡ് ക്ലാർക്കായ വനിതാ ജീവനക്കാരിയെ തസ്തിക ഒഴിവില്ലാത്ത ഓഫീസിലേക്ക് സ്ഥലംമാറ്റിയ സംഭവത്തിൽ എൻജിഒ സംഘിന്റെ അടിയന്തര ഇടപെടൽ. പത്തനംതിട്ട ഇരവിപേരൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനെ നേരിട്ട് കണ്ട് പരാതിക്കാരിയും എൻജിഒ സംഘ് നേതാക്കളും വിഷയം അവതരിപ്പിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച തന്നെ വിഷയത്തിന് പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
പത്തനംതിട്ട തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫീസിൽ നിന്നും കോയിപ്രം പഞ്ചായത്ത് ഓഫിസിലേക്ക് സ്ഥലംമാറ്റിയ സ്മിത മോൾക്കാണ് ചുമതലയേറ്റെടുക്കാൻ കഴിയാതിരുന്നത്. ജനുവരി നാലിന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ആയിരുന്നു ട്രാൻസ്ഫർ. കോയിപ്രം ഓഫീസിൽ ഹെഡ് ക്ലാർക്ക്/അക്കൗണ്ടന്റ് തസ്തിക ഉണ്ടെങ്കിലും കഴിഞ്ഞ ഓർഡറിൽ തന്നെ ഒഴിവ് നികത്തിയതായാണ് സർക്കാർ രേഖയിൽ പറയുന്നത്.
ഇവിടെ ഒഴിവ് ഉണ്ടെങ്കിൽ മാത്രമേ സ്മിതമോൾക്ക് ചുമതലയെടുക്കാനാകൂ. സ്ഥലംമാറ്റ ഉത്തരവിറങ്ങിയതിന് പിന്നാലെ പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിലേക്ക് ഫോൺ വഴി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിച്ചിരുന്നു. പരിഹാരം ഉണ്ടാക്കാമെന്ന് മാത്രമായിരുന്നു മറുപടി. പിന്നാലെ സ്മിതമോൾക്ക് പകരം തോട്ടപ്പുഴശേരിയിലേക്ക് സ്ഥലം മാറ്റം കിട്ടിയ ആൾ വന്ന് ജോയിൻ ചെയ്യുകയും ചെയ്തു. ഇതോടെ ട്രാൻസ്ഫർ ലഭിച്ച പുതിയ സ്ഥലത്തേക്ക് സ്മിതമോൾ നിർബന്ധമായി മാറേണ്ട സ്ഥിതിയിലെത്തി.
രണ്ടിടങ്ങളും തമ്മിൽ കിലോമീറ്ററുകൾ മാത്രം ദൂരപരിധിയിലായതിനാൽ പുതിയ സ്ഥലത്ത് ഉടൻ ജോയിൻ ചെയ്യണമെന്നാണ് ചട്ടം. പക്ഷെ തസ്തികയിൽ ഒഴിവില്ലാത്തത് ജോയിൻ ചെയ്യുന്നതിൽ തടസമായി. ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ സർവ്വീസ് ബ്രേക്ക് ഉണ്ടാകുമെന്നും ജോയിൻ ചെയ്യാനാകാത്തതിനാൽ ലീവും എടുക്കാനാകാത്ത സ്ഥിതിയാണെന്നും സ്മിതമോൾ പറഞ്ഞു. തുടർന്നാണ് എൻജിഒ സംഘ് ഇടപെട്ട് വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിച്ചത്. കോയിപ്രം പഞ്ചായത്തിൽ ജോയിൻ ചെയ്യാനെത്തിയ സ്മിതമോളുടെ ദുരവസ്ഥ മാദ്ധ്യമങ്ങളും വാർത്തയാക്കിയിരുന്നു.
സ്മിതമോളുടെ സ്ഥലംമാറ്റം ചട്ടം ലംഘിച്ചാണെന്ന ആക്ഷേപം നിലനിൽക്കെയാണ് ഒഴിവില്ലാത്ത ഓഫീസിലേക്ക് നിയമനം നൽകിയത്. അയിരൂർ പഞ്ചായത്തിൽ നിന്ന് നാല് മാസം മുൻപാണ് സ്മിതമോൾക്ക് തോട്ടപ്പുഴശേരിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഓൺലൈൻ സ്ഥലംമാറ്റം നടക്കുന്നതിനിടെ ഇടയ്‌ക്കിടെ സ്ഥലംമാറ്റം ഉണ്ടാകാൻ പാടില്ലെന്നാണ് നിബന്ധന. എന്നാൽ ഇത് കാറ്റിൽപറത്തിയായിരുന്നു മാസങ്ങൾക്കിടെ വീണ്ടും സ്ഥലം മാറ്റിയത്.
എൻജിഒ സംഘിന്റെ സജീവ പ്രവർത്തകയാണ് സ്മിതമോൾ. തോട്ടപ്പുഴശേരി പഞ്ചായത്ത് സെക്രട്ടറിയും സിപിഎം അനുകൂല സംഘടനയായ കെജിഒഎയുടെ ജില്ലാ ഭാരവാഹിയുമായ സുമേഷ് ആണ് ചട്ടം മറികടന്നുള്ള സ്ഥലംമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത്. ജോയിൻ ചെയ്ത അന്നു മുതൽ പഞ്ചായത്ത് സെക്രട്ടറി രാഷ്‌ട്രീയവൈരാഗ്യത്തിൽ തന്നെ മാനസീകമായി പീഡിപ്പിക്കുകയാണെന്ന് സ്മിതമോൾ ആരോപിച്ചു. തുടർച്ചയായി മെമ്മോകൾ നൽകുകയും സർവ്വീസ് തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
ഊമക്കത്ത് എഴുതി ഓഫീസിൽ കൊണ്ടുവയ്‌ക്കുകയും പൊതുജനങ്ങളെ വെച്ച് പരാതി കൊടുക്കുകയും ചെയ്തതായി സ്മിതമോൾ പറഞ്ഞു. നിവർത്തികേട് കൊണ്ട് പരാതി കൊടുത്തെങ്കിലും പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിൽ നിന്ന് ഒരു നടപടിയും എടുത്തിട്ടില്ലെന്നും സ്മിതമോൾ പറഞ്ഞു.