കണ്ണൂർ: പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ വെങ്ങരയിലാണ് സംഭവം. മാടായി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ എൻ വി ശ്രീനന്ദ (15) ആണ് മരിച്ചത്. സ്കൂളിലേക്ക് പോകുന്നതിനിടെ വഴിയരികിലെ തോട്ടിലേക്ക് വീഴുകയായിരുന്നു. രാവിലെ ഒമ്പതരയോടുകൂടിയാണ് സംഭവം.
സ്കൂളിലേക്ക് പോകുന്നതിന് വേണ്ടി ബസ് കയറാനായി സഹോദരനോടൊപ്പം പോകവെയാണ് ശ്രീനന്ദ കുഴഞ്ഞുവീണത്. സഹോദരന്റെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടികൂടിയത്. തുടർന്ന് തോട്ടിൽ നിന്ന് കുട്ടിയെ കരയിലേക്ക് കയറ്റി ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ശ്രീനന്ദ മരിച്ചിരുന്നു.
യാതൊരു തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളോ ക്ഷീണമോ ഉണ്ടായിരുന്നില്ലെന്നും പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നെന്നും സഹോദരൻ പറഞ്ഞു. പെൺകുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് വിവരം. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.