അമേരിക്കൻ നീന്തൽ താരവും ഒളിമ്പ്യനുമായ ഗാരി ഹാൾ ജൂനിയർ തന്റെ കരിയറിൽ നേടിയത് പത്ത് ഒളിമ്പിക് മെഡലുകളായിരുന്നു. ഒരു കായികതാരത്തിന് സ്വന്തമാക്കാൻ കഴിയുന്ന ഏറ്റവും ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. എന്നാൽ ആ പത്ത് മെഡലുകളും ഇപ്പോൾ ചാരമായിരിക്കുന്നു. ലോസ് ഏഞ്ചൽസിനെ വിഴുങ്ങിയ കാട്ടുതീ ഗാരിയുടെ ഒളിമ്പിക് നേട്ടവും കവർന്ന് കത്തിപ്പടരുകയാണ്..
കഴിഞ്ഞ 3-4 ദിവസമായി അമേരിക്കൻ നഗരമായ ലോസ് ഏഞ്ചൽസിൽ തുടരുന്ന കാട്ടുതീ പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി ചാരമാക്കുകയും അത്രയുമേറെ വീടുകളും കെട്ടിടങ്ങളും ചാമ്പലാക്കുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളുമായി ഓടിരക്ഷപ്പെട്ടവരിൽ പാവപ്പെട്ടവരും പണക്കാരും സാധാരണക്കാരുമെല്ലാമുണ്ട്. ഇത്തരത്തിൽ കിടപ്പാടവും സ്വത്തുക്കളും നഷ്ടപ്പെട്ട പ്രമുഖരിൽ ഒരാളാണ് 50-കാരനായ ഗാരി.
ഒരുകാലത്ത് അമേരിക്കയുടെ അഭിമാനം വാനോളം ഉയർത്തിയ നീന്തൽ താരം. എല്ലാം നഷ്ടപ്പെട്ടവരിൽ അദ്ദേഹവുമുണ്ട്. സിഡ്നി മോണിംഗ് ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ ഗാരി ഹാൾ പറയുന്നത് പ്രകാരം പസഫിക് പാലിസേഡ്സിലുള്ള അദ്ദേഹത്തിന്റെ വാടകവീട് പൂർണമായും കത്തിയെരിഞ്ഞു. പത്ത് ഒളിമ്പിക് മെഡലുകളും നശിച്ചു. കുട്ടികളെ നീന്തൽ പഠിപ്പിച്ചിരുന്ന സ്വിമ്മിംഗ് പൂളടക്കമുള്ള എല്ലാം നഷ്ടപ്പെട്ടു. തന്റെ വളർത്തുനായയും കുറച്ച് വ്യക്തിഗത വസ്തുക്കളും മാത്രമാണ് വീടൊഴിയുന്ന സമയത്ത് ഒപ്പം കൂട്ടാനായതെന്നും അദ്ദേഹം പറയുന്നു.
നിങ്ങളിതുവരെ കണ്ടിട്ടുള്ള അപ്പോകാലിപ്സ് ചിത്രങ്ങളേക്കാൾ (apocalypse – ലോകാവസാനം പ്രമേയമായവ) ഭയാനകമാണ് കാര്യങ്ങൾ. അതിനേക്കാൾ ആയിരം മടങ്ങ് ദയനീയവും മോശവുമാണ് അവസ്ഥയെന്നും ഗാരി പ്രതികരിച്ചു. വീട്ടിൽ നിന്നിറങ്ങി രക്ഷപ്പെടാൻ നേരം മെഡലുകളെക്കുറിച്ച് ഓർത്തില്ല. എല്ലാം കത്തിപ്പടരാൻ തുടങ്ങിയിരുന്നു. ആ ഒളിമ്പിക് മെഡലുകൾ നഷ്ടപ്പെട്ടാലും തനിക്ക് ജീവിക്കാൻ കഴിയുമെന്ന് മനസിലാക്കുന്നു. എന്തൊക്കെ പറഞ്ഞാലും അതൊരു ഭൗതികവസ്തുവല്ലേ.. അതൊക്കെ വീണ്ടെടുക്കാൻ ഒരുപക്ഷെ പ്രയാസമായിരിക്കും, പക്ഷെ ഇതുപോലെയൊരു സാഹചര്യത്തിൽ എന്തുചെയ്യാനാകും? – ഗാരി ചോദിച്ചു.
ദക്ഷിണ കാലിഫോർണിയയെ ഏതാണ്ട് പൂർണമായും ചാമ്പലാക്കിയ കാട്ടുതീ ലക്ഷക്കണക്കിന് പേരെയാണ് അഭയാർത്ഥികളാക്കിയത്. ശക്തമായ വരണ്ട കാറ്റ് ഇടവേളകളില്ലാതെ വീശുന്നതിനാൽ തീയണക്കാനുള്ള ദൗത്യം ശ്രമകരമായി തുടരുകയാണ്. ലോസ് ഏഞ്ചൽസിലെ സമ്പന്ന ടൗണുകളും അഗ്നിക്കിരയായതോടെ പ്രമുഖ ഹോളിവുഡ് താരങ്ങളടക്കം ഭവനരഹിതരായി. ഇതിനോടകം 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. വീടുകളും വ്യാപാരസ്ഥാപനങ്ങളുമടക്കം 12,000 കെട്ടിടങ്ങളും എരിഞ്ഞമർന്നു.
Leave a Comment