കൊച്ചി: ആലുവയിലെ കവർച്ചയിൽ ട്വിസ്റ്റ്. 40 പവനും എട്ട് ലക്ഷം രൂപയും നഷ്ടമായ കേസിൽ മന്ത്രവാദി അറസ്റ്റിലായി. മോഷണമല്ല നടന്നതെന്നും പ്രതിക്ക് സ്വർണവും പണവും കൈമാറിയത് ഗൃഹനാഥ തന്നെയാണെന്നുമാണ് പൊലീസ് കണ്ടെത്തൽ. ഗൃഹനാഥൻ അറിയാതെയാണ് ഭാര്യ ഇത് ചെയ്തത്. ശേഷം വീട്ടിൽ മോഷണം നടന്നതാണെന്ന് വരുത്തി തീർക്കാൻ പൂട്ട് പൊളിച്ചിടുകയും അലമാരയിലെ വസ്ത്രങ്ങൾ വലിച്ചിടുകയുമായിരുന്നു.
സംഭവത്തിൽ പണവുമായി മുങ്ങിയ ഉസ്താദ് എന്ന അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയാണ് പ്രതി. ആലുവ സ്വദേശിയായ ഗൃഹനാഥൻ ഇബ്രാഹിമിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വീട്ടുകാരുമായി ഏറെ അടുപ്പം വച്ചുപുലർത്തിയിരുന്നയാളാണ് പ്രതിയായ മന്ത്രവാദി. വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആഭിചാര ക്രിയ ചെയ്യാമെന്ന് പറഞ്ഞ് ഗൃഹനാഥന്റെ ഭാര്യയെ ഇയാൾ വരുതിയിലാക്കിയിരുന്നു. തുടർന്ന് മന്ത്രവാദം നടത്തുന്നതിനുള്ള പ്രതിഫലമായാണ് ഭാര്യ സ്വർണവും പണവും ഉസ്താദിന് കൈമാറിയത്. ഇബ്രാഹിം പുറത്തുപോയ സമയത്തായിരുന്നു സംഭവം. ശേഷം മോഷണമാണെന്ന് ചിത്രീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.















