മാർക്കോ വിശേഷങ്ങൾ കൊണ്ട് നിറയുന്ന സോഷ്യൽമീഡിയാ ലോകത്ത് പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കിയ വാർത്തയായിരുന്നു മാർക്കോ-2 വരുന്നു എന്നത്. വില്ലൻ വേഷത്തിലെത്തുന്നത്, തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രമാണെന്ന വിവരം കൂടി പുറത്തുവന്നതോടെ ചൂടുള്ള ചർച്ചകൾ കൊണ്ട് സോഷ്യൽമീഡിയ നിറഞ്ഞിരുന്നു. എന്നാൽ ഔദ്യോഗിക റിപ്പോർട്ട് ഉണ്ടായില്ലെങ്കിലും അഭ്യൂഹങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ഇതിനിടെ വിക്രമിനൊപ്പമുള്ള ചിത്രങ്ങൾ നിർമാതാവ് ഷെരീഫ് മുഹമ്മദ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ വീണ്ടും ചർച്ചകൾ തുടങ്ങി. ഇപ്പോഴിതാ വിക്രമിനൊപ്പമുള്ള വീഡിയോ പങ്കുവക്കുകയാണ് ഉണ്ണി മുകുന്ദൻ. ‘വി മോഡ്’ എന്നണ് വീഡിയോയ്‌ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വെറും കൂടിക്കാഴ്ചയാണോ, അതോ മാർക്കോ 2-ന് വേണ്ടിയുള്ള ചർച്ചയാണോ എന്ന് ചോദിക്കുകയാണ് പ്രേക്ഷകർ.
‘ഇനിയെങ്കിലും സസ്പെൻസ് പൊളിക്കൂ, വിക്രമാണ് മാർക്കോ -2 ലെ വില്ലനെങ്കിൽ സിനിമ ഇപ്പോഴുള്ളതിനേക്കാൾ ഉഗ്രൻ വിജയമായിരിക്കും, ഇനി സംശയങ്ങളൊന്നുമില്ല മാർക്കോയിൽ വിക്രം ഉണ്ടായിരിക്കും, ഈ കോമ്പോ തകർക്കുമെന്നും’ ആരാധകർ അഭിപ്രായപ്പെടുന്നു. പ്രതീക്ഷിക്കുന്നതിനേക്കാൾ ഉയരത്തിലായിരിക്കും മാർക്കോ 2 എന്നാണ് പ്രേക്ഷകർ പറയുന്നത്.
ആഗോള ബോക്സോഫീസിൽ 100 കോടി കടന്ന് മുന്നേറുകയാണ് മാർക്കോ. ഇന്ത്യൻ സിനിമയിലെ തന്നെ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നാണ് മാർക്കോയുടേത്. ഹിന്ദി, തെലുങ്ക് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടാൻ കഴിഞ്ഞത് മലയാള സിനിമ മേഖലയ്‌ക്ക് തന്നെ അഭിമാനമാണ്. ഒരു മലയാള ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേടുന്ന ഏറ്റവും മികച്ച കളക്ഷനാണ് മാർക്കോ സ്വന്തമാക്കിയത്.















