ഷെയിൻ നിഗം നായകനായി കഴിഞ്ഞ ദിവസം പുറത്തെത്തിയ തമിഴ് ചിത്രമാണ് മദ്രാസ്‌കാരൻ. വേണ്ടത്ര പ്രമോഷനുകളൊന്നും ഇല്ലാതെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ച രീതിയിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാൻ ചിത്രത്തിന് സാധിച്ചില്ല. ഒരു കഥയുമില്ലാത്ത പടമെന്ന് ചിലർ പറയുമ്പോൾ കണ്ടിരിക്കാൻ കൊള്ളാമെന്നാണ് മറ്റുചിലർ പറയുന്നത്. തമിഴിലും മലയാളത്തിലും സമ്മിശ്രപ്രതികരണങ്ങൾ നേടിയാണ് ചിത്രം പ്രദർശനം തുടരുന്നത്.
അണിയറപ്രവർത്തകരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങളാണ് തമിഴ് പ്രേക്ഷകർക്കിടയിൽ നിന്നും വരുന്നത്. അതേസമയം, ചിത്രത്തിന്റെ കഥയും പശ്ചാത്തല സംഗീതവും മനോഹരമാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഷെയിൻ നിഗത്തിന്റെ പ്രകടനത്തെ കുറിച്ചും പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവക്കുന്നു. ഇതിനിടെ കണ്ണ് നിറഞ്ഞ് ഷെയിൻ നിഗം പറഞ്ഞ വാക്കുകൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്. യൂട്യൂബ് ചാനലുകളിലൂടെ മോശം റിവ്യൂകൾ പ്രചരിപ്പിക്കുന്നവരെ വിമർശിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ആരും പറയുന്നത് കേൾക്കാതെ സത്യസന്ധമായി സിനിമ കണ്ട് വിലയിരുത്തണമെന്ന് ഷെയിൻ പറഞ്ഞു. പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കണ്ടതിന് ശേഷം ഓൺലൈൻ മാദ്ധ്യമകളെ കാണുകയായിരുന്നു താരം. “എല്ലാവരും സിനിമ കാണണം. പ്രമോഷന്റെ കുറച്ച് പോരായ്മകൾ ചിത്രത്തിനുണ്ട്. സിനിമ ഇറങ്ങിയത് ആരും അറിഞ്ഞിട്ടില്ല. ഒരുപാട് പേരുടെ കഷ്ടപ്പാടാണ്. പെട്ടെന്നാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. പടം കണ്ട് മാത്രം വിലയിരുത്തുക. അല്ലാതെ ചിലർ പറയുന്നത് കേട്ട് സിനിമ കാണാതിരിക്കരുത്. മാദ്ധ്യമങ്ങൾ സത്യസന്ധമായ റിവ്യൂകൾ പ്രചരിപ്പിക്കണമെന്നും” ഷെയിൻ നിഗം പറഞ്ഞു.















