ഇന്ത്യയിൽ 5.5 ജി നെറ്റ്‌വർക്ക് അവതരിപ്പിച്ച് ടെലികോം മേഖലയിലെ വമ്പനായ റിലയൻസ് ജിയോ. വൺപ്ലസുമായി സഹകരിച്ചാണ് ജിയോ നെറ്റ്‍വർക്ക് വികസിപ്പിച്ചെടുത്തത്. മിന്നൽ വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കാനും മികച്ച സേവനങ്ങൾ ഞൊടിയിടയിൽ നൽകാനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. വൺപ്ലസ് 13 സീരിസ് സ്മാർട്ട്‌ഫോണുകളാകും 5.5ജി നെറ്റ്‍വർക്ക് സപ്പോർട്ട് ചെയ്യുന്ന ആദ്യ ഉപകരണം.
5ജി നെറ്റ്‍വർക്കിനെ അപേക്ഷിച്ച് ഡൗണ്ഡലോഡ്, അപ്ലോഡ് വേഗതയിൽ ഉൾപ്പടെ വലിയ വ്യത്യാസം സൃഷ്ടിക്കാൻ പുത്തൻ നെറ്റ്‍വർക്കിന് സാധിക്കും. 10 Gbps-ൽ ഫയലുകൾ ഡൗൺലോഡ് ചെയ്യാം. സിനിമ പോലുള്ള വലിയ ഫയലുകൾ നിമിഷങ്ങൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാനാകും. തടസമില്ലാതെ 4K സ്ട്രീമിംഗ് സാധ്യമാകും.
1 Gbps വരെയാണ് അപ്ലോഡ് വേഗത. ഗെയിമിംഗിനും വീഡിയോ കോളിനും മികച്ച പെർഫോമൻസ് നൽകാൻ 5.5 ജിക്ക് സാധിക്കുമെന്നാണ് ജിയോയുടെ അവകാശവാദം. തിരക്കേറിയ സ്ഥലങ്ങളിൽ വരെ സ്ഥിരതയോടെ ഇന്റർനെറ്റ് ലഭ്യമാകും. ഒരേ സമയം ഒന്നിലേറെ ടവറുകളിലേക്ക് കണക്ട് ചെയ്യാൻ സാധിക്കും.