ലഖ്‌നൗ: അമേരിക്കൻ ശതകോടീശ്വരൻ അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ 2025ൽ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കും.അവർ ജനുവരി 13 ന് പ്രയാഗ്‌രാജിൽ എത്തുമെന്നും നിരഞ്ജനി അഖാരയിലെ മഹാമണ്ഡലേശ്വറായ സ്വാമി കൈലാശാനന്ദജി മഹാരാജിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലാണ് ലോറൻ താമസിക്കുകയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കമല എന്ന ദീക്ഷാനാമം സ്വീകരിച്ച ലോറീൻ പവൽ ജോബ്സ് ജനുവരി 29 വരെ 15 ദിവസത്തെ കൽപ്പവാസ് ആചരിക്കും. അതുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളിലും പങ്കെടുക്കുകയും പ്രയാഗിലെ സംഗമത്തിൽ വിശുദ്ധ സ്നാനങ്ങൾ നടത്തുകയും ചെയ്യും.
ജനുവരി 29-ന് മൗനി അമാവാസിയിലെ മൂന്നാമത്തെ അമൃത സ്നാനം വരെ അവർ മഹാകുംഭ മേളയിലുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു ശതകോടീശ്വരയായ സംരംഭകയും മനുഷ്യസ്‌നേഹിയുമായ ലോറീൻ പവൽ ജോബ്‌സ് ആപ്പിളിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ സ്റ്റീവ് ജോബ്‌സിന്റെ പത്നിയാണ്. ഇവർക്ക് 15 ബില്യൺ ഡോളർ ആസ്തിയുള്ളതായി കണക്കാക്കപ്പെടുന്നു. ആപ്പിളുമായുള്ള ബന്ധത്തിനപ്പുറം,ലോറീൻ പവൽ ജോബ്‌സ് അവരുടെ ജീവകാരുണ്യ സംരംഭങ്ങളിലൂടെയാണ് ഇപ്പോൾ അറിയപ്പെടുന്നത്.
വിദ്യാഭ്യാസം, സാമ്പത്തിക വ്യത്യാസങ്ങൾ, കുടിയേറ്റം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജീവകാരുണ്യ സ്ഥാപനമായ എമേഴ്‌സൺ കൂട്ടായ്‌മയും ദുർബലരായ സമൂഹങ്ങൾക്കായി കാലാവസ്ഥാ പരിഹാരങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന 2021-ൽ സ്ഥാപിതമായ വേവർലി സ്ട്രീറ്റ് ഫൗണ്ടേഷനും അവരുടെ അറിയപ്പെടുന്ന സംരംഭങ്ങളാണ്.
ലോറീൻ പവലും കുടുംബവും ഫോർബ്‌സിന്റെ ലോക ശത കോടീശ്വരന്മാരുടെ വാർഷിക പട്ടികയിൽ 59-ാം സ്ഥാനത്താണ്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിൽ ടൈംസ് മാഗസിൻ നിരവധി തവണ അവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.