തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വെച്ചായിരുന്നു തീപിടുത്തം. റേഡിയേറ്ററില്‍ നിന്ന് തീ ഉയരുകയായിരുന്നു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തിരുപുറം ആര്‍.സി. ചര്‍ച്ചിന് സമീപം എത്തിയപ്പോൾ ബസിന്റെ റേഡിയേറ്ററില്‍ നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് സമീപത്ത് ഒതുക്കിനിര്‍ത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു . ഇതിന് പിന്നാലെ നിമിഷങ്ങൾ കൊണ്ട് ബസ് മുഴുവന്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര പൂവാർ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്ന് രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തി തീ അണച്ചു. മുരഹര ട്രാവല്‍സിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാബിനും പൂര്‍ണമായും കത്തിനശിച്ചു.















