ലോസ് ഏഞ്ചൽസ്: ആകാശത്തോളം ആളിപ്പടരുന്ന കാട്ടുതീയുമായി പോരാടുകയാണ് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ്. ആയിരക്കണക്കിന് കൂറ്റൻ കെട്ടിടങ്ങളെയും വീടുകളെയുമാണ് കാട്ടുതീ വീഴുങ്ങിയത്. അക്കൂട്ടത്തിൽ കാട്ടുതീയിൽ തകരുന്ന ഒരു ആഡംബര മാളികയുടെ വീഡിയോ പുറത്തുവന്നിരുന്നു. സോഷ്യൽമീഡിയ ഇടങ്ങളിൽ വലിയ തോതിൽ ശ്രദ്ധ നേടുകയാണ് ഈ വീഡിയോ. 300 കോടിയുടെ മാളികയാണ് കാട്ടുതീയിൽ കത്തിയമരുന്നത്.
ആഡംബര കെട്ടിടം മുഴുവൻ തീയ്‌ക്കുള്ളിലാകുന്ന ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. മാളികയിൽ നിന്നും ഒരുപാട് ദൂരെ നിന്നുകൊണ്ട് ചിത്രീകരിച്ച് ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കെട്ടിടത്തെ തീ പൂർണമായും വിഴുങ്ങിയ നിലയിലാണ്. ലോസ് ഏഞ്ചൽസിലുണ്ടായ കാട്ടുതീയുടെ ഏറ്റവും ഭയാനകമായ ചിത്രമാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.
ലോസ് ഏഞ്ചൽസിലുള്ള 30,000-ത്തോളം ആളുകൾ ഇതിനോടകം നാടുവിട്ടുപോയി. പത്ത് മരണങ്ങളാണ് സ്ഥിരീകരിച്ചതെങ്കിലും തീപിടിച്ച സ്ഥലത്തേക്ക് പോയി പരിശോധിച്ചാൽ മാത്രമേ മരണസംഖ്യയിൽ വ്യക്തതവരികയുള്ളു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനാസേന തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കടൽ തിരമാല പോലെ വലിയ ശക്തിയായാണ് തീ ആളിക്കത്തുന്നത്.
View this post on Instagram
പസഫിക് പാലിസേഡിൽ ആരംഭിച്ച തീ പസഫിക് കോസ്റ്റ് ഹൈവേയിലെ മാലിബു ഭാഗത്തേക്ക് അതിവേഗം പടരുകയായിരുന്നു. പസിഫിക് പാലിസേഡ്സിലെ 1,200 ഹെക്ടർ ഭൂമിയാണ് കത്തിയെരിഞ്ഞത്. വളരെ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാട്ടുതീയുടെ ആക്കം കൂട്ടിയെന്നാണ് റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനം കാരണമാണ് തീയണക്കാൻ സാധിക്കാതെ വരുന്നതെന്ന് അഗ്നിശമന സേനാംഗങ്ങൾ പ്രതികരിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത അതിഭയാനകമായ സാഹചര്യത്തിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു.