തിരൂർ: സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതാണ് കൾച്ചറൽ മാർക്‌സിസമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ. മലപ്പുറം തിരൂരിൽ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തിൽ ‘കൾചറൽ മാർക്‌സിസം അരാജകത്വത്തിന്റെ പ്രത്യയ ശാസ്ത്രം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത സംസ്‌കാരത്തെ ഇല്ലാതാക്കി പുതിയ ഒരു സംസ്‌കാരം സ്ഥാപിക്കുന്നതാണ് മാർക്‌സിസത്തിന്റെ രീതി. അതിന്റെ ഭാഗമായിട്ടാണ് ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നത്. ശ്രീനാരായണ ഗുരുദേവൻ പ്രതിനിധാനം ചെയ്യുന്ന സനാതന ധർമ്മം അശ്ലീലമാണെന്ന് ഒരു പാർട്ടി സെക്രട്ടറി പറയണമെങ്കിൽ ആ പാർട്ടി സെക്രട്ടറിയുടെ മനസിലേക്ക് ആ വിചാരം കടന്നുകൂടിയിരിക്കുന്നത് കൊണ്ടാണെന്നും ജെ. നന്ദകുമാർ പറഞ്ഞു.
ഭാരതത്തിലെ പ്രബലമായ സംസ്‌കാരം ഹിന്ദുത്വമാണ്. അതുകൊണ്ട് അതിനെ നശിപ്പിക്കുകയെന്നതാണ് അവർ ഉദ്ദേശിക്കുന്നത്. നിലവിലുള്ള സാസംകാരിക മൂല്യങ്ങൾ മാറിയിട്ട് അവിടെ അരാജകത്വം നിറയ്‌ക്കുകയാണ്. ജനങ്ങളെ പൂർണമായി ഭരണകൂടത്തെ ആശ്രയിക്കുന്നവരായി മാറ്റുകയും സാമ്പത്തികമായി തകർക്കുകയും ചെയ്യുന്നതാണ് സോഷ്യലിസമെന്നും ജെ. നന്ദകുമാർ പറഞ്ഞു.
അരവിന്ദ വിചാരത്തിന്റെയും വിവേകാനന്ദ വിചാരത്തിന്റെയും ശരിയായ പിൻഗാമി എന്ന നിലയിൽ ആ ലക്ഷ്യത്തെ സാക്ഷാത്ക്കരിക്കുന്നതിനാണ് പരമേശ്വർജി വിചാരകേന്ദ്രത്തിന് തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെയും ഭാരതത്തിന്റെയും ചിന്താമണ്ഡലത്തെ ശരിയായ ദിശയിലേക്ക് മാറ്റി തെളിച്ച ആചാര്യനായിരുന്നു പരമേശ്വർജിയെന്നും ജെ. നന്ദകുമാർ ചൂണ്ടിക്കാട്ടി. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അധ്യക്ഷത വഹിച്ചു.
കേരളത്തിൽ നിന്നും വിദ്യാഭ്യാസത്തിനും ജോലിക്കും യുവാക്കൾ അന്യ നാടുകളിലേക്ക് പോവുകയാണെന്നും ഇതിന് മാറ്റം വരണമെന്നും ആർ. സഞ്ജയൻ പറഞ്ഞു. മുൻ പി എസ് സി ചെയർമാൻ ഡോ കെ. എസ്. രാധാകൃഷ്ണൻ, ഫൊഫ. ജി ഗോപകുമാർ, ഡോ. എം. രാജേഷ്, പ്രൊഫ. രാകേഷ് സിൻഹ തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.
ഭരണഘടനാ ഭേദഗതി- ചരിത്രം രാഷ്‌ട്രീയം, വഖ്ഫ് രാഷ്‌ട്രീയവും ഭാരതത്തിന്റെ പരമാധികാരവും, ഹിന്ദു ജനത – ആഗോള വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്. സമാപന സഭ ഉദ്ഘാടനം നാളെ ഉച്ചക്ക് മൂന്നരയ്‌ക്ക് കൽക്കട്ട വിശ്വഭാരതി സർവ്വകലാശാല റിട്ട. പ്രൊഫ. കലാമണ്ഡലം പോരൂർ ശങ്കരനാരായണൻ നിർവഹിക്കും.