തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട CMRL- മാസപ്പടി കേസിൽ 185 കോടിയുടെ അഴിമതി നടന്നതായി കേന്ദ്രത്തിന്റെ കണ്ടെത്തൽ. എസ്എഫ്‌ഐഒയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. എസ്എസ്ഐഒയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചു. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവിന് മേൽ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനിൽക്കില്ല. രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്‌ക്ക് അഴിമതി ഭീഷണിയാണെന്ന് കേന്ദ്രവും ആദായനികുതി വകുപ്പും ഹൈക്കോടതിയെ അറിയിച്ചു.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ നേരത്തെ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ മാസം 23-നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. വിധി പറയാൻ മാറ്റുന്നതിന് മുന്നോടിയായി കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് കേന്ദ്രത്തോടും ആദായ നികുതി വകുപ്പിനോടും കോടതി നിർദേശിച്ചിരുന്നു. അടുത്തയാഴ്ച കേസിൽ വിധി വരാനിരിക്കെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
കേസിൽ ഇല്ലെന്ന വാദവും നിലനിൽക്കില്ലെന്ന വാദം സിഎംആർഎൽ മുന്നോട്ടുവച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗമായുള്ള കെഎസ്ഐഡിസിക്ക് സിഎംആർഎൽ ഓഹരി പങ്കാളിത്തമുണ്ട്. അത്തരത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗമായുള്ള ഒരു സ്ഥാപനത്തിന്റെ ഓഹരി പങ്കാളിത്തം ഉള്ളതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുതാത്പര്യം ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ തുടർ നടപടികൾ സ്വീകരിക്കാനുള്ള അധികാരം ആദായനികുതി വകുപ്പിനുണ്ടെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
ചെലവുകൾ പെരുപ്പിച്ച് കാണിച്ചാണ് അഴിമതി പണം കണക്കിൽപെടുത്തിയതെന്നും ചരക്ക് നീക്കത്തിലും മാലിന്യനിർമാർജനത്തിനും കോടികൾ ചെലവിട്ട് വ്യാജ ബില്ലുകൾ നിർമിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.