ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ലഹരിയെ പൂർണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കടത്ത് വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ സംഘടിപ്പിച്ച പരിപാടിയിൽ ‘മയക്കുമരുന്ന് കടത്തും രാജ്യ സുരക്ഷയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
“കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തിന്റെ വിവിധ ഭാഗത്ത് മയക്കുമരുന്നിനെ തടയുന്നതിന് വേണ്ടി നിരവധി സമ്മേളനങ്ങളും കാമ്പെയിനുകളും നടന്നുവരികയാണ്. ലഹരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങളും പ്രവർത്തനങ്ങളും ഇനിയും തുടരും. അതിനായി നിരന്തരം ചർച്ചകളും നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ഭാരതം മാതൃകാപരമായ പുരോഗതി കൈവരിച്ചു.
2024-ൽ 16, 914 കോടി രൂപയുടെ ലഹരിവസ്തുക്കളാണ് പൊലീസും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് പിടികൂടിയത്. 2004- 2014 കാലത്ത് 3, 63,000 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു. എന്നാൽ, എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 24 ലക്ഷം കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. ഇത് ഏഴ് ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തുന്നതെന്നും” അമിത് ഷാ ചൂണ്ടിക്കാട്ടി.
ജമ്മുകശ്മീർ, പഞ്ചാബ്, ചണ്ഡീഗഢ്, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാർ, ലഫ്റ്റനൻ്റ് ഗവർണർമാർ, മുഖ്യമന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.















