ഇസ്ലാമാബാദ്: പാക് അധിനിവേശ ഗിൽഗിത് ബാൾട്ടിസ്ഥാൻ ഇരുട്ടിൽ. മാസങ്ങളായി പ്രദേശത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ യുവാക്കൾ പ്രതിഷേധം ശക്തമാക്കുകയാണ്. വൈദ്യുതി-ജലവകുപ്പ് സെക്രട്ടറിയുടെ ഓഫീസിന് മുൻപിലാണ് നൂറുകണക്കിന് പേർ പ്രതിഷേധിച്ചത്. വൈദ്യുതി പ്രതിസന്ധിയിൽ എത്രയും വേഗം നടപടിയുണ്ടാകണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പ്രദേശത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രവിശ്യ സർക്കാരാണ് ഉത്തരവാദികളെന്നാണ് ആരോപണം. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം ജനറേറ്റർ വഴി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. വൈദ്യുതി പോലുള്ള അവശ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും മേഖലയിലെ വികസന പദ്ധതികളിലെ അഴിമതിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും അവർ പറഞ്ഞു.
പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ വൈദ്യുതി-ജലവകുപ്പ് സെക്രട്ടറി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ചയ്‌ക്ക് വിളിച്ചിരുന്നു. പ്രതിഷേധക്കാർ എത്തിയെങ്കിലും സെക്രട്ടറി സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ കൂടിക്കാഴ്ച നടന്നില്ല. ഇതും യുവാക്കളെ ചൊടിപ്പിച്ചു. പാക് അധിനിവേശ ഗിൽജിത് ബാൾട്ടിസ്ഥാനിലെ പ്രധാനപ്പെട്ട മൂന്ന് വൈദ്യുതി പദ്ധതികളും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഇതും പ്രതിഷേധത്തിനിടയാക്കി.
തങ്ങളുടെ ആവശ്യങ്ങൾ നിഷേധിച്ചാൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ ഓഫീസിന് മുൻപിൽ പ്രകടനം നടത്തുമെന്നും അവർ അറിയിച്ചു. അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ പ്രതിഷേധം നടത്തുമെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു.