ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. യുപി ബറേലി സ്വദേശിയായ മൈജൻ റാസയാണ് അറസ്റ്റിലായത്. സോഷ്യൽമീഡിയയിലൂടെയാണ് യുവാവ് യോഗി ആദിത്യനാഥിന് നേരെ വധഭീഷണി മുഴക്കിയത്. മഹാകുംഭമേള നടക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ഭീഷണി.
അയോദ്ധ്യ രാമക്ഷേത്രത്തെ അധിക്ഷേപിക്കുന്ന തരത്തിലും യുവാവ് പരാമർശം നടത്തിയിരുന്നു. പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ മണിക്കൂറുകൾകമാണ് യുവാവിനെ പൊലീസ് പിടികൂടിയത്. അറസ്റ്റിന് പിന്നാലെ ക്ഷമാപണം നടത്തികൊണ്ടുള്ള യുവാവിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു. മറ്റുള്ളവരെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പോസ്റ്റുകൾ പ്രചരിപ്പിക്കില്ലെന്നും തനിക്ക് തെറ്റുപറ്റിയെന്നുമാണ് യുവാവ് വീഡിയോയിൽ പറയുന്നു.
രാമക്ഷേത്രത്തെ അധിക്ഷേപിക്കുകയും മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്ത പ്രതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന്
വിശ്വഹിന്ദു പരിഷത്ത് അംഗം പണ്ഡിറ്റ് കെ.കെ. ശംഖ്ധർ പറഞ്ഞു.
യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്യമതസ്ഥരുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിൽ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബറേലി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പങ്കജ് കുമാർ പറഞ്ഞു.















