പത്തനംതിട്ട: മകരവിളക്കിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്നലെ മാത്രം 72,677 ഭക്തരാണ് ദർശനം നടത്തിയത്. 22,466 പേർ സ്പോട്ട് ബുക്കിംഗിലുടെയും 1,752 പേർ പുൽമേട് വഴിയും ദർശനത്തിനെത്തി. പുലർച്ചെ മുതൽ ഭക്തജനതിരക്ക് തുടരുകയാണ്.
മകരവിളക്കിന് മുന്നോടിയായി നിയന്ത്രണങ്ങളും ശക്തമാവുകയാണ്. ശബരിമലയുടെ വിവിധയിടങ്ങളിലായി 5,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മകരജ്യോതി ദർശനത്തിന് ഭക്തർ കയറുന്ന ഉയർന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. മകരവിളക്കിന്റെ ഭാഗമായി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു.
ഇന്ന് മുതൽ വെർച്ച്വൽ ക്യൂ ബുക്കിംഗ് 50,000 ആയി കുറച്ചു. മകരവിളക്ക് ദിവസമായ 14 -ന് 40,000 പേർക്ക് മാത്രമേ ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം പമ്പാസംഗമം നടക്കും. ദേവസ്വം മന്ത്രി വി എൻ വാസവൻ സംഗമം ഉദ്ഘടനം ചെയ്യും. നടൻ ജയറാം ചടങ്ങിൽ മുഖ്യഅതിഥിയായി പങ്കെടുക്കും.
കരവിളക്ക് ദിവസത്തിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. തിരുവാഭരണ ഘോഷയാത്രയ്‌ക്കായി വലിയകോയിക്കൽ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു.















