ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 220 വിമാന സർവീസുകൾ വൈകി. ദൃശ്യപരത കുറവായതിനാൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. ഏഴ്, എട്ട് മണിക്കൂറുകളോളം വൈകിയാണ് ട്രെയിനുകൾ ഡൽഹിയിൽ എത്തുന്നത്. 25 ഓളം ട്രെയിനുകളാണ് വൈകിയോടുന്നുവെന്ന് റെയിൽവേ അറിയിച്ചു.
യാത്രക്കാർ എയർലൈനുകളുമായി ബന്ധപെട്ടണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിലെ വിവിധയിടങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. ഇതോടെ തണുപ്പും വർദ്ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശൈത്യം കനത്തതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹിയിൽ വിവിധയിടങ്ങളിൽ ദൃശ്യപരത മോശമാണ്. ഇത് പല വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ പകൽ സമയത്ത് ഉയർന്ന താപനില 17 ഡിഗ്രിയും കുറഞ്ഞ തപനില ഏഴ് ഡിഗ്രിയുമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.















