ന്യൂഡൽഹി: അമേരിക്കയുടെ 47-ാംമത് പ്രസിഡന്റായി അധികാരമേൽക്കുന്ന ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ജനുവരി 20-നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. യുഎസിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് ജയശങ്കർ ചടങ്ങിൽ പങ്കെടുക്കുന്നത്.
ജയശങ്കറിന്റെ സന്ദർശനം ട്രംപ് ഭരണകൂടം തമ്മിലുള്ള നയതന്ത്രം ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിന് പുറമേ പുതിയ യുഎസ് ഭരണകൂടത്തിന്റെ പ്രതിനിധികളുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തും. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന മറ്റ് ലോകരാജ്യങ്ങളിലെ പ്രമുഖരെയും അദ്ദേഹം സന്ദർശിക്കും.
ജനുവരി 20-ന് അമേരിക്കൻ സമയം ഉച്ചയ്‌ക്ക് 12-മണിക്കാണ് ( ഇന്ത്യൻ സമയം രാത്രി 10.30) സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. അത്യാഢംബരത്തോടെയാകും ട്രംപിന്റെ സത്യപ്രതിജ്ഞ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, അർജൻ്റീനിയൻ പ്രസിഡൻ്റ് ജാവിയർ മിലി, ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗെയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.















