ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് അസം. അതിസുന്ദരമായ ഭൂപ്രകൃതിയാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. ആ മനംമനയക്കുന്ന പ്രകൃതി രമണീയത ഇപ്പോൾ ആഗോളതലത്തിലും ചർച്ചയാവുകയാണ്.
”2025ൽ സന്ദർശിക്കേണ്ട 52 സ്ഥലങ്ങൾ” എന്ന പേരിൽ ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ പട്ടികയിലാണ് അസം ഇടംപിടിച്ചിരിക്കുന്നത്. അതും നാലാം സ്ഥാനം.. ഈ ലോകത്തെ ഏറ്റവും സുന്ദരമായ ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ അസം എത്തിയതോടെ അന്താരാഷ്‌ട്ര വിനോദസഞ്ചാരികളുടെ ബക്കറ്റ്-ലിസ്റ്റിലേക്ക് ഹിഡൺ ജെം എന്ന് വിശേഷിപ്പിക്കാവുന്ന അസം കയറിപ്പറ്റിയിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ ജെയ്ൻ ഓസ്റ്റിൻ, ഇക്വഡോറിലെ ഗാലപ്പഗോസ് ഐലൻഡുകൾ, ന്യൂയോർക്ക് സിറ്റി മ്യൂസിയം എന്നിവയാണ് ആദ്യ മൂന്ന് ഡെസ്റ്റിനേഷനുകൾ. തായ്ലൻഡിലെ വൈറ്റ് ലോട്ടസ് അഞ്ചാം സ്ഥാനവും സ്വന്തമാക്കി.
മലയോരപ്രദേശമാണ് അസം. മ്യാൻമർ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യാങ്ങളുടെ അതിർത്തികൾ പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം കൂടിയാണ്. വടക്കുകിഴക്കൻ ഇന്ത്യയിലേക്കുള്ള വാതിലെന്ന് അസമിനെ വിശേഷിപ്പിക്കാറുണ്ട്. ദൃശ്യചാരുതയാലും സാംസ്കാരിക വ്യതിരിക്തതയാലും ഈ മേഖല സമ്പന്നമാണ്.
ഗ്രീൻ ടീ പ്ലാന്റേഷനുകളുടെയും ഊർജസ്വലമായ സംസ്കാരത്തിന്റെയും നാടെന്നാണ് ന്യൂയോർക്ക് ടൈംസ് അസമിനെ വിശേഷിപ്പിക്കുന്നത്. അസമിലെ പിരമിഡുകളെന്ന് അറിയപ്പെടുന്ന മൊയ്ദാമുകൾ അടുത്തിടെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിരുന്നു. അഹോം രാജവംശക്കാലത്തെ ശവക്കുന്നുകളാണ് ഈ മൊയ്ദാമുകൾ. 13-19-ാം നൂറ്റാണ്ടുകൾക്കിടയിലാണ് ഇത് രൂപപ്പെട്ടതെന്ന് കരുതുന്നു.
ചരിത്രപരമായുള്ള സവിശേഷതകളും തേയില പ്ലാന്റേഷനുകളും മാത്രമല്ല അസമിലുള്ളത് വിനോദസഞ്ചാരികൾ ഒരിക്കലെങ്കിലും കാണേണ്ട ദേശീയോദ്യാനവും ഇവിടെയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രമായ കാസിരംഗ നാഷണൽ പാർക്കും അസമിലാണ് സ്ഥിതിചെയ്യുന്നത്.















