തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വെച്ചും സൈബർ തട്ടിപ്പ്. 12 മുതൽ 36 മാസത്തെ കാലാവധിയിൽ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി സോഷ്യൽ മീഡിയ കാർഡുകൾ ഇറക്കിയാണ് ആളുകളെ കബളിപ്പിക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പിൽ തിരുവനന്തപുരം അരുവിക്കര സ്വദേശിക്ക് 13,500 രൂപ നഷ്ടമായി.
പുതുവർഷം പ്രമാണിച്ച് സൗജന്യ റീച്ചാർജ് നൽകുന്നുവെന്ന് പറഞ്ഞും മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നുണ്ട്. 749 രൂപയുടെ റീച്ചാർജ് മൂന്ന് മാസത്തേക്ക് സൗജന്യമായി മുഖ്യമന്ത്രി നൽകുമെന്നാണ് വാഗ്ദാനം.
2.5 ശതമാനം വാർഷിക പലിശ നിരക്കിൽ രണ്ട് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താണ് വായ്പാ തട്ടിപ്പ് നടക്കുന്നത്. ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ അപേക്ഷ പാസാകാൻ പണം ചോദിക്കുന്നതാണ് തട്ടിപ്പ് രീതി. ലോൺ പാസാകാൻ ആധാർ കാർഡോ പാൻ കാർഡോ മാത്രം മതിയെന്നും സോഷ്യൽ മീഡിയ കാർഡിൽ പറയുന്നു. ആളുകളുടെ വിശ്വാസം നേടാൻ വേണ്ടിയാണ് ആധാർ കാർഡും പാൻ കാർഡും പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് നിഗമനം.
ഇത്തരത്തിൽ വ്യാജ വാഗ്ദാനം നൽകിയ മൂന്ന് ലിങ്കുകൾ സൈബർ പൊലീസ് അടച്ചുപൂട്ടി. തട്ടിപ്പിന് പിന്നിൽ മലയാളികൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് സൈബർ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.















