തിരുവനന്തപുരം: യുഡിഎഫിലേക്ക് ചേക്കാറാനുള്ള താത്പര്യം കൈവിടാതെ പിവി അൻവർ. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പാർലമെന്റിൽ ഉന്നയിച്ച ആരോപണത്തിന് മാപ്പ് ചോദിക്കുന്നതായി അൻവർ പറഞ്ഞു. നിലമ്പൂരിൽ ഇനി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ താൻ മത്സരിക്കില്ലെന്നും അൻവർ അറിയിച്ചു. നിരുപാധിക പിന്തുണ യുഡിഎഫിന് നൽകുമെന്നാണ് തൃണമൂലിൽ ചേർന്ന അൻവറിന്റെ പ്രഖ്യാപനം. ഉപതെരഞ്ഞെടുപ്പിൽ വയനാട് ഡിസിസി പ്രസിഡന്റ് വി ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നും യുഡിഎഫിനോട് അൻവർ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പാർലമെന്റിൽ അഴിമതി ആരോപണങ്ങളുന്നയിച്ചതിൽ ഖേദമുണ്ടെന്നും അദ്ദേഹത്തിന് മാനഹാനിയുണ്ടാക്കിയതിൽ മാപ്പ് ചോദിക്കുന്നതായും അൻവർ പറഞ്ഞു. സതീശനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ നിർദേശപ്രകാരമാണെന്നും അൻവർ വെളിപ്പെടുത്തി. പി.ശശിക്കും പൊലീസിനുമെതിരെ ആരോപണം ഉന്നയിച്ചത് ഉന്നത നേതാക്കൾ പറഞ്ഞിട്ടായിരുന്നു. എന്നാൽ ഈ നേതാക്കൾ പിന്നീട് ഫോണെടുത്തില്ലെന്നും അൻവർ പറഞ്ഞു. എന്നാൽ ഈ നേതാക്കൾ ആരാണെന്ന് വെളിപ്പെടുത്താൻ അൻവർ തയ്യാറായില്ല.
ഇനി നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കില്ല. നിരുപാധിക പിന്തുണ യുഡിഎഫിന് നൽകും. പിണറായിസത്തിനെതിരായ അവസാന ആണിയാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ്. അവിടെ യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കും. മലയോര പ്രശ്നങ്ങൾ ആഴത്തിൽ അറിയുന്ന വി.ജോയിയെ (ഡിസിസി പ്രസിഡന്റ്) അവിടെ മത്സരിപ്പിക്കണമെന്ന അഭ്യർത്ഥനയാണ് യുഡിഎഫിനോട് മുന്നോട്ടുവെക്കാനുള്ളത്. അവിടെ വി.ജോയി മത്സരിച്ചാൽ 30,000 വോട്ടുകൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഉറപ്പാണ്. പിണറായിസത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി. നിലമ്പൂരിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്നും അൻവർ പറഞ്ഞു.















