ലക്നൗ: ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യസമ്മേളനമെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭ മേളയ്‌ക്ക് പ്രയാഗ്‌രാജിൽ തുടക്കമായി. വരുന്ന 45 ദിവസം 45 കോടി തീർത്ഥാടകർ ഉത്തർപ്രദേശിലേക്ക് ഒഴുകിയെത്തുമെന്നാണ് വിലയിരുത്തൽ. പുണ്യനദികളായ ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള ഭക്തരാണ് എത്തുന്നത്. ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് അടക്കമുള്ളവർ മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
പൗഷപൂർണിമ സ്നാനത്തോടെയാണ് മഹാകുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് മഹാശിവരാത്രി ദിനത്തിലാണ് മേളയുടെ സമാപനം. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയ്‌ക്കായി കോടിക്കണക്കിനാളുകൾ പ്രയാഗ് രാജിലെത്തുമ്പോൾ സർവസന്നാഹങ്ങളുമായി സജ്ജമാണ് ഉത്തർപ്രദേശ് ഭരണകൂടം. തിങ്കളാഴ്ച രാവിലെ 9.30 വരെയുള്ള കണക്കുപ്രകാരം ഇതുവരെ 60 ലക്ഷമാളുകൾ പുണ്യസ്നാനം നടത്തി. പൗഷപൂർണിമ സ്നാനത്തിനായി എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്നും ആൾക്കൂട്ടത്തെ ശരിയായ വിധം നിയന്ത്രിക്കുന്നുണ്ടെന്നും ഡിഐജി വൈഭവ് കൃഷ്ണ പ്രതികരിച്ചു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലമുണ്ട്. കേന്ദ്ര-സംസ്ഥാന പൊലീസ് സേനകളെയും വിന്യസിച്ചിട്ടുണ്ട്. ഏതുസാഹചര്യവും കൈകാര്യം ചെയ്യാൻ സുരക്ഷാസേന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരെ സഹായിക്കുന്നതിനായി, ഫ്ലോട്ടിംഗ് പൊലീസ് ചൗക്കി (പോസ്റ്റ്), 1.5 ലക്ഷം ടെൻ്റുകൾ, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ശേഷിയുള്ള 2,700 ക്യാമറകൾ എന്നിവയടക്കം പ്രത്യേക ക്രമീകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൈബർ ഹെൽപ്പ് ഡെസ്‌ക്കുകളും പ്രവർത്തനമാരംഭിച്ചു. കുംഭമേളയിൽ പങ്കെടുക്കുന്നവരെ സഹായിക്കാൻ തത്സമയ മാർഗ്ഗനിർദ്ദേശവും അപ്‌ഡേറ്റുകളും നൽകുന്നതിന് Kumbh Sah’AI’yak ചാറ്റ്ബോട്ടും രൂപകൽപ്പന ചെയ്തിട്ടുണ്ട്.
Leave a Comment