പാലക്കാട്: നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച പി.വി അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും പരിഹസിച്ച് സിപിഎം നേതാവ് എ.കെ ബാലൻ. തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്. ഒരു പുല്ല് പാർട്ടിയിലേക്കാണ് അൻവർ പോയതെന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം. അന്വർത്ഥമായ പേരുള്ള പാർട്ടിയിലേക്കാണ് പോയതെന്നും കേരള രാഷ്‌ട്രീയത്തിൽ പുല്ലുവിലയാണെന്നും എ.കെ ബാലൻ പറഞ്ഞു.
രാവിലെയാണ് സ്പീക്കർ എ.എൻ. ഷംസീറിനെ നേരിട്ട് കണ്ട് പി.വി അൻവർ രാജിക്കത്ത് കൈമാറിയത്. നിലമ്പൂരിൽ ഇനി മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി ഞങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് പോരാടുമെന്നും അൻവർ പറഞ്ഞു. താൻ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുണ്ടായ മാനഹാനിക്ക് അൻവർ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു എ.കെ ബാലന്റെ പ്രതികരണം.
നിലമ്പൂരിലെ ജനങ്ങളോട് നടത്തിയ ഏറ്റവും വലിയ വെല്ലുവിളിയാണ് അൻവറിന്റെ രാജിയെന്ന് എ.കെ ബാലൻ പറഞ്ഞു. ഡിഎംെകയിലേക്ക് പോയാൽ രക്ഷകിട്ടുമെന്ന് വിചാരിച്ചു, എടുത്തില്ല. ബിജെപിയിലേക്ക് എടുത്തില്ല, കോൺഗ്രസിലേക്ക് രക്ഷയില്ല, ലീഗിലേക്ക് രക്ഷയില്ല. എന്നിട്ട് ഇവിടെയെങ്ങുമില്ലാത്ത ഒരു പാർട്ടിയെ തേടി ഉത്തരേന്ത്യയിൽ പോകണ്ട എന്തൊരു ആവശ്യമാണ് ഉണ്ടായിരുന്നതെന്ന് എ.കെ ബാലൻ ചോദിച്ചു.
എന്തിനാണ് എന്റെ പ്രിയപ്പെട്ട സുഹൃത്ത് അൻവർ ഈ ആത്മഹത്യയിലേക്ക് പോകുന്നതെന്ന് മനസിലാകുന്നില്ല. ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ? അയാൾ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ മുഖ്യമന്ത്രി മൂന്ന് കമ്മീഷനെയാണ് വെച്ചു കൊടുത്തതെന്നും എ.കെ ബാലൻ പറഞ്ഞു. എന്തിനാണ് ഈ രാഷ്‌ട്രീയ ആത്മഹത്യയിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്ന് എ.കെ. ബാലൻ ആവർത്തിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എഡിജിപി അജിത് കുമാറും ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളോടെയാണ് അൻവറും സിപിഎമ്മും പരസ്യമായി തെറ്റിപ്പിരിഞ്ഞത്. ഇതിന് ശേഷം ഡിഎംകെയിലേക്ക് ചേക്കേറിയെങ്കിലും എം.കെ സ്റ്റാലിനിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല. പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുമായി പുലർത്തുന്ന അടുപ്പമാണ് ഡിഎംകെയെ പിന്നോട്ടുവലിച്ചത്. ലീഗിന്റെ പിന്തുണയോടെ യുഡിഎഫിലെത്താൻ നീക്കം നടത്തിയെങ്കിലും കോൺഗ്രസിലെ പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് തിരിച്ചടിയായി. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയത്.