തെലുങ്ക് സിനിമാ താരങ്ങൾക്ക് ഇത് കേസിന്റെ കാലം. സൂപ്പർതാരം റാണ ദഗ്ഗുബാട്ടിക്കും അമ്മാവൻ വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫിലിം നഗറിൽ പ്രവർത്തിച്ചിരുന്ന ഡെക്കാൻ കിച്ചൺ ഹോട്ടൽ അനധികൃതമായി പൊളിച്ചു മാറ്റിയ സംഭവത്തിലാണ് ഹൈദരാബാദ് പോലീസിന്റെ നടപടി. കുടുംബത്തിനെതിരെ കേസെടുക്കാൻ പോലീസിനോട് സിറ്റി സിവിൽ കോടതി കോടതി നിർദ്ദേശിച്ചിരുന്നു.
2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കോടതി കസ്റ്റഡിയുണ്ടായിരുന്ന ഹോട്ടലാണ് താരകുടുംബം പൊളിച്ച് മാറ്റിയത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു ഫിലിം നഗറിലെ ഭൂമി നന്ദകുമാർ എന്നയാൾക്ക് പാട്ടത്തിന് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2022 മുതൽ തർക്കം നിലനിന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി തുടരാൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ദഗ്ഗുബാട്ടി കുടുംബത്തിന്റെ നേതൃത്വത്തിൽ ഹോട്ടൽ തകർക്കപ്പെട്ടത്. പൊളിക്കലിലൂടെ തനിക്ക് 20 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി നന്ദകുമാർ അവകാശപ്പെട്ടു. നന്ദകുമാറിന്റെ പരാതിയിൽ അന്വേഷണം നടത്താൻ സിറ്റി സിവിൽ കോടതി പൊലീസിനോട് നിർദ്ദേശിച്ചിരുന്നു.
2022 നവംബറിൽ ഡെക്കാൻ കിച്ചൻ ഹോട്ടലിന്റെ ചില ഭാഗങ്ങളും നന്ദകുമാർ നിർമ്മിച്ച തൊട്ടടുത്ത കെട്ടിടങ്ങളും അനധികൃത നിർമ്മാണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) പൊളിച്ചുനീക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും തെലങ്കാന ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്.















