1200 മകരമാസഫലം;ഭാഗം 3 – മൂലം മുതൽ രേവതി വരെ

Published by
Janam Web Desk

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

അനാവശ്യ കൂട്ടുകെട്ടുകൾ ഉണ്ടാവുകയും ചിലർക്ക് മാനഹാനിയും ധനനഷ്ടവും ഉണ്ടാവും. സുഹൃത്തുക്കൾ കാരണം ദോഷാനുഭവങ്ങൾ ഉണ്ടാവും. തൊഴിൽ പ്രശ്നങ്ങൾ വരികയും മേലധികാരിക്ക് വിശദീകരണം നൽകേണ്ടി വരും. ഭാര്യ സുഖക്കുറവ് അനുഭവപ്പെട്ടേക്കും. ബന്ധുക്കളിൽ നിന്ന് അകൽച്ച, ചിലരുടെ മരണം ഒക്കെയും ഉണ്ടായേക്കാം. ശിരോരോഗം ശല്യം ചെയ്തേക്കാം. ശരീരത്തിൽ മുറിവ്, ചതവ്, ഒടിവ് ഒക്കെ ഉണ്ടാകാതെ സൂക്ഷിക്കുക. അദ്ധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കാത്ത അവസ്ഥ സംജാതമാകും. കടബാധ്യത ഉണ്ടാകാതെ ജാഗ്രത പാലിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

ഈ മാസം വെല്ലുവിളികൾ നിറഞ്ഞ കാലം ആണ്. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കും കലഹങ്ങൾക്കും സാധ്യതയുണ്ട്. അനാവശ്യമായ കോപം ദോഷകരമായി ഭവിക്കും. അഗ്നി, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കുക. ഹൃദ്രോഗം, ഉഷ്ണ രോഗങ്ങൾ, ത്വക്ക് രോഗം, അനാവശ്യ ചെലവുകൾ, നേത്രരോഗം എന്നിവയ്‌ക്കും സാധ്യതയുണ്ട്. ആദായനികുതി പോലുള്ള കാര്യങ്ങളിൽ നിന്നും ദോഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സ്ത്രീ സുഹൃത്തുക്കളുമായി തെറ്റിദ്ധാരണ, മാനഹാനി, ദ്രവ്യ നാശം, ഭക്ഷണ സുഖക്കുറവ് എന്നിവയും സംഭവിക്കാൻ സാധ്യതയുണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

അന്യസ്ത്രീ ബന്ധം മൂലം ഗാർഹിക ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് കുടുംബത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ദാമ്പത്യ ബന്ധത്തിൽ വിള്ളലുകൾ വീഴ്‌ത്തുകയും ചെയ്യും. ഭൂമി സംബന്ധമായ ഇടപാടുകളിൽ ജാഗ്രത പാലിക്കുക. വസ്തു ഇടപാടുകളിൽ വഞ്ചനയ്‌ക്കും നഷ്ടത്തിനും സാധ്യതയുണ്ട്. ഏതു കാര്യത്തിന് ശ്രമിച്ചാലും തടസ്സങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ടിവരും. അതിനാൽ, ക്ഷമയും സഹിഷ്ണുതയും കൈവിടാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകേണ്ടതാണ്. വരവിലെ കവിഞ്ഞ ചെലവ് ധനക്ലേശം ഉണ്ടാക്കും. ചിലർക്ക് വിദേശവാസവും ജോലിയും അനുഭവത്തിൽ വരുന്ന കാലമാണ്. അപ്രതീക്ഷിതമായ ബന്ധു വിയോഗത്തിന് സാധ്യതയുണ്ട്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

തുടങ്ങി വെക്കുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിലാകുന്ന മാസമായിരിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള ബിസിനസ് വികസിപ്പിക്കാനും അനുകൂലമായ സമയമാണ്. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാനും സാധിക്കും. ഇഷ്ട ഭക്ഷണ സമൃദ്ധിയും നല്ല ആരോഗ്യവും അനുഭവപ്പെടും. പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരവും ലഭിക്കും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഐക്യവും വന്നുചേരും. സന്താനങ്ങളിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Share
Leave a Comment