റീറിലീസിനൊരുങ്ങി രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ബാഷ. സിനിമയുടെ 30 വർഷം തികയുന്നതിന്റെ ഭാഗമായാണ് ബാഷ റീറിലീസ് ചെയ്യുന്നത്. രജനികാന്ത് ഓട്ടോക്കാരന്റെ വേഷത്തിലെത്തി, പ്രേക്ഷകരുടെ മനംകവർന്ന ചിത്രം റീറിലീസ് ചെയ്യുന്നുവെന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.
പുത്തൻ ദൃശ്യവിരുന്നോടെയാണ് ബാഷ വീണ്ടും തിയേറ്ററുകളിലെത്തുന്നത്. 1995-ലാണ് ബാഷ പുറത്തിറങ്ങിയത്. സത്യ മൂവീസിന്റെ ബാനറിൽ സുരേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്. തലൈവരുടെ തലവര മാറ്റിയ സിനിമകളിലൊന്നായിരുന്നു ബാഷ. കഥാനിരൂപണം കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.
രജനികാന്തിന്റെ മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും നിറഞ്ഞ ചിത്രം ബോക്സോഫീസിൽ വലിയ ഹിറ്റായിരുന്നു. തലൈവരുടെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ബാഷ. അതുകൊണ്ട് തന്നെ ഇന്നും ബാഷയ്‌ക്ക് ആസ്വാദകർ ഏറെയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പുതിയ ദൃശ്യവിരുന്നോടെ ബാഷ ബിഗ്സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
നഗ്മയായിരുന്നു ബാഷയിലെ നായിക. ഓട്ടോക്കാരനിൽ നിന്ന് ഒരു ജനനേതാവാകുന്ന സാധാരണക്കാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ബാഷയിലെ ‘നാൻ ഓട്ടോക്കാരൻ’ എന്ന് തുടങ്ങുന്ന ഗാനം വൻ ഹിറ്റായി മാറിയിരുന്നു.















