ശ്രീനഗർ: ജമ്മു കശ്മീരിനെ ഇന്ത്യയുടെ കിരീടമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ സോനാമാർഗിലുള്ള രാജ്യത്തിന്റെ സുപ്രധാന തുരങ്ക പദ്ധതിയായ ഇസഡ് – മോർഹ് തുരങ്കപാത ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി വാഗ്‌ദാനങ്ങൾ നൽകിയാൽ അത് പാലിക്കുകയും ചെയ്യുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
“നിങ്ങൾക്ക് വിശ്വസിക്കാം. ഇത് മോദിയാണ് വാഗ്ദാനങ്ങൾ നൽകിയാൽ അത് പാലിക്കും. എല്ലാ പദ്ധതികളും ശരിയായ സമയത്ത് നടപ്പിലാക്കും. 2015 ൽ ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് തുരങ്കത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഞങ്ങളുടെ സർക്കാരിന്റെ കാലത്തുതന്നെ പദ്ധതിയുടെ നിർമ്മാണവും പൂർത്തിയായിരുന്നു. ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ കശ്മീരിൽ നിരവധി റോഡ്, റെയിൽവേ പദ്ധതികളും നടപ്പിലാക്കും. കാരണമിത് പുതിയ ജമ്മു കശ്മീരാണ്”മോദി പറഞ്ഞു.
അതേസമയം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് വേണമെന്ന തന്റെ ആവശ്യം അംഗീകരിച്ച് നടപ്പിലാക്കിയ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഒമർ അബ്ദുള്ള നന്ദി പറഞ്ഞു. കശ്മീരിന് സംസ്‌ഥാനപദവി നൽകുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനവും പാലിക്കപ്പെടുമെന്നാണ് തന്റെ വിശ്വാസമെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ഗന്ധർബാൽ ജില്ലയിലെ ഗഗൻഗീറിനെയും സോനാമാർഗിനെയും ബന്ധിപ്പിക്കുന്ന 6.5 കിലോമീറ്റർ നീളമുള്ള രണ്ട് വരി തുരങ്കം 2,700 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത് .7.5 മീറ്റർ വീതിയുള്ള എമർജൻസി എസ്‌കേപ്പ് പാസേജും ടണലിന്റെ സവിശേഷതയാണ്.