തിരുവനന്തപുരം: പി.വി അൻവറിന്റെ രാജിയിലൂടെ നിലമ്പൂരിലെ ജനങ്ങൾക്ക് ഏതാണ്ട് ഒന്നര വർഷം നിയമസഭയിൽ പ്രതിനിധി ഇല്ലാതാകുന്ന സാഹചര്യമാണുണ്ടായതെന്ന് വി. മുരളീധരൻ. ജനക്ഷേമപദ്ധതികൾക്ക് ഉപയോഗിക്കേണ്ട പണം ഉപതെരഞ്ഞെടുപ്പ് പോലെ പാഴ്ചെലവിന് ഉപയോഗിക്കേണ്ടിവരും. ആഭ്യന്തര വകുപ്പിലെ അധോലോക സംഘത്തിനെതിരെയാണ് പോരാട്ടമെന്ന് പ്രഖ്യാപിച്ച അൻവർ വന്യമൃഗങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് ഇപ്പോൾ പറയുന്നത്. അൻവറിന്റെ പോരാട്ടം സിപിഎമ്മിലെ വന്യമൃഗങ്ങൾക്കെതിരെയോ? കാട്ടിലെ വന്യമൃഗങ്ങൾക്കെതിരെയോ എന്നും വി മുരളീധരൻ പരിഹസിച്ചു.
ഇൻഡി മുന്നണിയുമായി സഹകരിക്കുമെന്നാണ് അൻവർ പറയുന്നത്. എന്നാൽ തൃണമൂൽ കോൺഗ്രസും മമത ബാനർജിയും ഇൻഡി മുന്നണിയുമായി സഹകരിക്കാതായിട്ട് കാലം കുറെയായി. ഇക്കാര്യം അൻവർ അറിഞ്ഞില്ലേയെന്നും വി മുരളീധരൻ ചോദിച്ചു. അഴിമതിക്കാരെ എല്ലാവരേയും ഒരുമിച്ച് നിർത്തി ഒരു മുന്നണിയുടെ ഭാഗമാക്കാൻ അൻവറിന് സാധിക്കട്ടെയെന്നും മുൻ കേന്ദ്രമന്ത്രി പ്രതികരിച്ചു.
തൃണമൂലിൽ ചേർന്ന പിവി അൻവർ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനോടും യുഡിഎഫിലെ മറ്റ് കക്ഷ്ഷികളോടും പുവർത്തുന്ന ചായ്വാണ് പരിഹാസങ്ങൾക്കാധാരം. തൃണമൂൽ നേതാവായ മമതാ ബാനർജി കോൺഗ്രസിനോട് അകലം പാലിക്കുന്ന സാഹചര്യത്തിൽ അൻവറിന്റെ തീരുമാനങ്ങൾ പൊതുജനത്തെ എത്രകണ്ട് ബോധ്യപ്പെടുത്താനാകുമെന്നത് സംശയകരമാണ്.















