ആലപ്പുഴ: മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സെമിനാറിൽ നിന്നു മുൻമന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ പിൻവാങ്ങി. മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ “ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും” എന്ന സെമിനാറിൽ നിന്നാണ് അദ്ദേഹം പിൻമാറിയത്
ആരോഗ്യ കാരണങ്ങളാലാണ് എത്താത്തതെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്. ഹരിപ്പാട് എം എൽ ഏയും മുൻ പ്രതിപക്ഷ നേതാവുമായ
രമേശ് ചെന്നിത്തലയാണ് സെമിനാറിന്റെ ഉദ്ഘാടകൻ.
എന്നാൽ ജി സുധാകരൻ പങ്കെടുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. പങ്കെടുക്കരുതെന്ന് എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ് ജില്ലാ പ്രസിഡൻ്റ് എ.എം നസീർ പറഞ്ഞു.
സിപിഐഎം പ്രതിനിധിയായിട്ടാണ് സുധാകരനെ സെമിനാറിൽ ക്ഷണിച്ചതെന്ന് ലീഗ് നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു. ഇന്ന് വൈകീട്ട് 3.30 ന് ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ വച്ചാണ് സെമിനാർ.
ഇന്നലെ ഹരിപ്പാട്ട് നടന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ ജി സുധാകരൻ പങ്കെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്ത പൊതുസമ്മേളനത്തിൽ സുധാകരൻ വിട്ടു നിന്നത് വിവാദമായിട്ടുണ്ട്. 1975-ന് ശേഷം ജി സുധാകരൻ പങ്കെടുക്കാത്ത ആദ്യ ജില്ലാ സമ്മേളനമാണിത്. ജില്ലയിലെ കഴിഞ്ഞ 18 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ജി സുധാകരൻ.















