മകനെ കാണാൻ ഐഐടി ഖൊരഗ്പൂരിലെത്തിയ മാതാപിതാക്കൾ മുറിയിൽ കണ്ടത് തൂങ്ങിമരിച്ച മകന്റെ മൃതദേഹം. ഷോൺ മാലിക് എന്ന 21-കാരനാണ് മരിച്ചത്. മൂന്നാം വർഷ ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദ വിദ്യാർത്ഥിയായിരുന്നു. മകന് ഇഷ്ടപ്പെട്ട ഭക്ഷണവുമായാണ് അവരെത്തിയത്. എല്ലാ ഞായറാഴ്ചയും അവർ ഹോസ്റ്റലിൽ മകനെ കാണാൻ എത്തുമായിരുന്നു. തുടർച്ചയായി വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷിതാക്കളും ചേർന്ന് വാതിൽ തള്ളി തുറന്നാണ് അകത്ത് കയറിയത്. ഇതോടെ മകന്റെ മൃതദേഹം കാണുകയായിരുന്നു.
മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. യുവാവ് പഠിക്കാൻ മിടുക്കനായിരുന്നുവെന്ന് ഐഐടി ഡയറക്ടർ അമിത് പാത്ര പറഞ്ഞു. സംശയകരമായ ഒന്നും മുറിയിൽ നിന്ന് കിട്ടിയില്ല. മാലിക് അദ്ധ്യാപകരുമായി നല്ല ബന്ധത്തിലുമായിരുന്നു. ആരോടും യുവാവ് ഒന്നും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാലിക്കിന്റെ പോസ്റ്റുമോർട്ടം നടത്തി. പരിശോധനകൾ നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പോയവർഷത്തിൽ നിരവധി വിദ്യാർത്ഥികൾ കാമ്പസിൽ ജീവനൊടുക്കിയിരുന്നു.