ലക്‌നൗ: അമ്മയും സഹോദരനും ചേർന്ന് റോയൽ എൻഫീൽഡ് ബുള്ളറ്റ് വിറ്റതിന്റെ രോഷത്തിൽ സ്വയം വെടിവച്ച് മരിച്ച് ഒൻപതാം ക്ലാസ്സുകാരൻ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കറങ്ങി നടക്കുന്നത് തടയാനാണ് അമ്മയും സഹോദരനും ചേർന്ന് 17 കാരന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് വിറ്റത്. എന്നാൽ ഇതിൽ പ്രകോപിതനായ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ജനുവരി 11 നാണ് സംഭവം. മീററ്റ് മെഡിക്കൽ കോളജിലെ നഴ്സായി ജോലി ചെയ്യുകയാണ് കുട്ടിയുടെ അമ്മ. ഇവരെ വിളിക്കാനായി മൂത്ത മകൻ പുറത്തുപോയിരുന്നു. തിരികെയെത്തിയ ഇരുവരും കാണുന്നത് രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെയാണ്. വാതിൽ അകത്ത് നിന്നും പൂട്ടിയിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പതിനേഴുകാരന്റെ പിതാവ് ഒരുവർഷം മുൻപ് മരണപ്പെട്ടിരുന്നു. കുട്ടി പഠനത്തിൽ മികവ് പുലർത്തിയിരുന്നില്ല. അതിനാൽ സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ കറങ്ങിനടക്കുന്നത് വീട്ടുകാർ പലപ്പോഴും വിലക്കിയിരുന്നു.
എന്നാൽ മരണശേഷം എന്ത് സംഭവിക്കുമെന്നറിയാൻ മരിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് കുട്ടി ഗൂഗിളിൽ തിരഞ്ഞിരുന്നതായി പൊലീസ് പറയുന്നു. പഠനത്തിൽ ശ്രദ്ധിക്കുമെന്ന് കരുതിയാണ് ബൈക്ക് വിൽക്കാൻ തീരുമാനിച്ചതെന്നും എന്നാൽ ഇവരുടെ തീരുമാനത്തിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും പൊലീസ് കൂട്ടിച്ചേർത്തു. കുടുംബം പരാതിയൊന്നും നൽകിയിട്ടില്ല. എന്നാൽ കുട്ടിക്ക് എങ്ങനെ തോക്ക് കിട്ടിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.















