ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ സൈനികർക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കി ടെലികോം കമ്പനിയായ റിലയൻസ് ജിയോ. ജനുവരി 15 ലെ കരസേനാ ദിനത്തിന് മുന്നോടിയായി സൈന്യവുമായി സഹകരിച്ച് സിയാച്ചിൻ ഹിമാനിയിൽ 4G, 5G നെറ്റവർക്ക് സ്ഥാപിച്ചതായി ടെലികോം കമ്പനി അറിയിച്ചു.
ആർമി സിഗ്നലർമാരുടെ പിന്തുണയോടെ, സിയാച്ചിനിനിലെ ദുർഘടമായ ഭൂപ്രദേശത്ത് തടസമില്ലാത്ത കണക്ടിവിറ്റി നൽകുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി റിലയൻസ് ജിയോ മാറിയെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു. റിലയൻസ് ജിയോ തങ്ങളുടെ തദ്ദേശീയമായ ഫുൾ-സ്റ്റാക്ക് 5G സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഫോർവേഡ് പോസ്റ്റിൽ പ്ലഗ് ആൻഡ് പ്ലേ പ്രീ-കോൺഫിഗർ ചെയ്ത ഉപകരണങ്ങൾ വിജയകരമായി വിന്യസിച്ചതായി കമ്പനിയുടെ പ്രസ്താവനയിൽ അറിയിച്ചു.
ഒന്നിലധികം പരിശീലന സെഷനുകൾ, സിസ്റ്റം പ്രീ-കോൺഫിഗറേഷൻ, സമഗ്രമായ ടെസ്റ്റിങ് എന്നീ ഘട്ടങ്ങൾ പിന്നിട്ട ശേഷമാണ് പദ്ധതി വിജകരമായി പൂർത്തിയാക്കിയത്. ജിയോയുടെ ഉപകരണങ്ങൾ സിയാച്ചിനിലേക്ക് എയർ ലിഫ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്നതിൽ സൈന്യം നിർണായക പങ്കുവഹിച്ചതായി കമ്പനി പറഞ്ഞു. -50 ഡിഗ്രി വരെ താപനിലയുള്ള കാരക്കോറം നിരകളിൽ 16,000 അടി ഉയരത്തിൽ വരെ കണക്ടിവിറ്റി ലഭ്യമാകുമെന്ന് ജിയോ അറിയിച്ചു.ee