പോഷകഘടകങ്ങളാൽ സമ്പന്നമാണ് മുട്ട. മുലപ്പാൽ കഴിഞ്ഞാൽ ആരോഗ്യത്തിന് ഏറ്റവും നല്ലത് മുട്ടയെന്നാണ് പറയപ്പെടുന്നത്. എല്ലാ ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമെന്നാണ് ആരോഗ്യ വിദഗ്ധർ പോലും പറയുന്നത്. കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കൊഴുപ്പ് കൂടുമെന്ന് കരുതി പലരും ആഹാരത്തിൽ മുട്ട ഉൾപ്പെടുത്തില്ല. എന്നാൽ, ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പാണ് മുട്ടയിൽ അടങ്ങിയിരിക്കുന്നത്. കൂടാതെ ശരീരത്തിൽ നിലവിലുള്ള ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കാനും മുട്ടയ്‌ക്ക് സാധിക്കും.
വിറ്റാമിൻ സി ഒഴികെ എല്ലാ വിറ്റാമിനുകളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധിശക്തി വളർത്താൻ മുട്ട നല്ലതാണ്. പുഴുങ്ങിയും, ബുൾസയാക്കിയും പൊരിച്ചുമൊക്കെ മുട്ട കഴിക്കാറുണ്ട്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം, മുട്ടയിൽ അടങ്ങിയിരിക്കുന്ന മിനറൽസും മറ്റ് പോഷകഘടകങ്ങളും അതേപടി ശരീരത്തിൽ എത്തണമെങ്കിൽ പുഴുങ്ങി തന്നെ കഴിക്കണം. മാത്രമല്ല, മുട്ടയുടെ ഉൾഭാഗം അധികം വേകാനും പാടില്ല.
മുട്ട കറിയാക്കിയും, പൊരിച്ചുമൊക്കെ കഴിക്കുന്നവർ രുചിക്കായി അതിൽ എണ്ണ ഒഴിക്കാറുണ്ട്. ഇത്തരത്തിൽ എണ്ണ ഉപയോഗിക്കുന്നത് ശരീരത്തിൽ ചീത്ത കൊഴുപ്പ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. എല്ലാ ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നതാണ് നല്ലത്. ഡയറ്റ് ചെയ്യുന്നവരും വർക്കൗട്ട് ചെയ്യുന്നവരും ഒന്നിൽ കുടുതൽ മുട്ട കഴിക്കാറുണ്ട്. എന്നാൽ ദിവസവും അധികമായി മുട്ട കഴിക്കുന്നതും ശരീരത്തിന് ദോഷകരമാണ്. ദഹനസബന്ധമായ പ്രശ്നങ്ങളുള്ളവർ രാവിലെ മുട്ട കഴിക്കുന്നത് ശീലമാക്കുന്നതാവും ഉത്തമം.
Leave a Comment