ഞെട്ടിപ്പിക്കുന്നൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മൊബൈലിൽ നോക്കി റോഡ് മുറിച്ചുകടന്ന യുവാവിനെ ബൈക്കിൽ വന്ന പൊലീസുകാരൻ കരണത്തടിക്കുന്നതാണ് വീഡിയോ. അതേസമയം പൊലീസുകാരൻ ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നത്. കോയമ്പത്തൂരിലെ തിരക്കേറിയ റോഡിലാണ് സംഭവം.
കോയമ്പത്തൂരിലെ കവുണ്ടംപാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ജയപ്രകാശാണ് യുവാവിനെ തല്ലിയത്. അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതിനായിരുന്നു ഇയാളുടെ അടി. ഞൊടിയിടയിലാണ് ഇക്കാര്യങ്ങൾ സംഭവിക്കുന്നത്. അടിയേറ്റ യുവാവ് വേദന കാരണം റോഡിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. പൊലീസുകാരൻ ബൈക്ക് ഓടിച്ച് പോകുന്നതും.
ചിന്നവേദപ്പട്ടി സ്വദേശിയായ മോഹൻരാജിനാണ് അടിയേറ്റത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെയായിരുന്നു അടി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ബൈക്കിൽ യാത്ര ചെയ്ത പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെടുകയാണ് നെറ്റിസൺസ്.